ന്യൂഡൽഹി :- കോവിഡിനെതിരേ ഒരേ വാക്സിന്റെ രണ്ടുഡോസ് എടുക്കുന്നതിനെക്കാൾ വെവ്വേറെ വാക്സിനുകളുടെ ഓരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് പഠനം. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ അബദ്ധവശാൽ 18 പേർക്ക് വെവ്വേറെ വാക്സിനുകളുടെ രണ്ടു ഡോസ് നൽകിയതിനെത്തുടർന്ന് ഇവരടക്കം 98 പേരിലാണ് ഐ.സി.എം.ആർ. പഠനം നടത്തിയത്.
ആദ്യം കോവിഷീൽഡും രണ്ടാമത്തേത് കോവാക്സിനുമാണ് യു.പി.യിൽ നൽകിയത്. മേയിൽ സംഭവിച്ച ഈ അബദ്ധം ആശങ്കയ്ക്കും എതിർപ്പിനും കാരണമായിരുന്നു. മേയിലും ജൂണിലുമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഞായറാഴ്ചയാണ് പുറത്തുവിട്ടത്. വെവ്വേറെ വാക്സിനുകൾ നൽകരുതെന്ന് ഐ.സി.എം.ആർ. നേരത്തേ മാർഗരേഖ പുറത്തിറക്കിയിരുന്നു. കൂട്ടിക്കലർത്തി നൽകുന്നത് സുരക്ഷിതമല്ലെന്ന് ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂട്ടിക്കലർത്തൽ ഗുണംചെയ്യുമെന്നതിന് തെളിവായി ഡേറ്റ ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ.യിലെ മുഖ്യശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥനും ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.
വാക്സിൻ കാര്യങ്ങൾക്കുള്ള സർക്കാരിന്റെ ഉന്നതസമിതി ഈ പഠനം പരിശോധിച്ച് അംഗീകരിക്കുകയാണെങ്കിൽ പ്രതിരോധകുത്തിവെപ്പ് പരിപാടിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമാവും.
കണ്ടെത്തലുകൾ
• വ്യത്യസ്തവാക്സിൻ സ്വീകരിച്ചവർക്ക് ആൽഫ, ബീറ്റ, ഡെൽറ്റ എന്നീ വൈറസ് വകഭേദങ്ങളെ ചെറുക്കാൻ കൂടുതൽ പ്രതിരോധശേഷിയുണ്ട്.
• സാധാരണ ജലദോഷം പരത്തുന്ന അഡിനോ വൈറസിലേക്ക് കൊറോണ വൈറസിന്റെ രോഗഹേതുവായ ‘സ്പൈക് പ്രോട്ടീനി’ന്റെ വേർതിരിച്ചെടുത്ത ജീനുകൾ കടത്തിയുണ്ടാക്കുന്ന വാക്സിൻ (കോവിഷീൽഡ്) ആദ്യവും വൈറസിനെ മുഴുവനായി നിർജീവമാക്കി തയ്യാറാക്കുന്ന വാക്സിൻ (കോവാക്സിൻ) രണ്ടാമതും നൽകുന്നത് ഒരേ തരത്തിലുള്ള വാക്സിനെക്കാൾ രോഗപ്രതിരോധശേഷി കൈവരിക്കാൻ പ്രയോജനപ്പെടും.
• പഠനത്തിന് വിധേയരായ ആരിലും കുത്തിവെപ്പ് സ്വീകരിച്ച് 30 മിനിറ്റിനുള്ളിൽ ഗുരുതരപാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തില്ല.
• പാർശ്വഫലങ്ങളായി നേരിയ പനിയും ശാരീരികക്ഷീണവും മാത്രമാണ് പൊതുവിൽ കണ്ടത്.
• വാക്സിന്റെ മൊത്തത്തിലുള്ള പാർശ്വഫലമായി ശരീരം ആകമാനമുള്ള ചൊറിഞ്ഞുതടിക്കൽ (അർട്ടിക്കേരിയ), ഛർദിയും മനംപിരട്ടലും, സന്ധിവേദന, ചുമ എന്നിവ ആരിലും ഉണ്ടായില്ല.
• പഠനത്തിന് വിധേയരായവരുടെ ശരാശരി പ്രായം 62 ആയിട്ടുകൂടി സുരക്ഷിതവും പ്രതിരോധശേഷി നൽകുന്നതുമാണെന്ന് തെളിഞ്ഞു.