പാണപ്പുഴ സ്വദേശിയുടെ മരം അടങ്ങിയ വാഹനം മോഷ്ടിച്ച സംഭവം രണ്ടാം പ്രതിയും പിടിയില്‍

 



പരിയാരം: പാണപ്പുഴയില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ മരവുമായി പിക് അപ്പ് വാന്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടാമത്തെ പ്രതിയെയും പരിയാരം പോലീസ് പിടികൂടി.  ചേലേരിമുക്ക് സ്വദേശി ആരിഫ് (27) ആണ് പരിയാരം പോലീസിന്റെ പിടിയിലായത്.

മലപ്പുറത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു പ്രതി. കഴിഞ്ഞ ഏപ്രില്‍ 9 നാണ് പാണപ്പുഴയിലെ രമേശന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മരം അടങ്ങിയ വാഹനം പ്രതികള്‍ മോഷ്ടിച്ചത്. വാഹനം മോഷ്ടിക്കുന്നതിന് പ്രത്യേക രീതി തന്നെ പ്രതികള്‍ നടത്തി വരികയായിരുന്നു. മോഷ്ടിച്ച വാഹനങ്ങള്‍ കൂര്‍ഗ്, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ട് വില്‍പ്പന നടത്തുകയാണ് പതിവ്. ഒന്നേ മുക്കാല്‍ ലക്ഷം രൂപയ്ക്കാണ് പ്രതികള്‍ മോഷ്ടിച്ച മര ഉരുപ്പടികള്‍ അടങ്ങിയ പിക് അപ് വാന്‍ വില്‍പ്പന നടത്തിയത്.

ഇതേ കേസില്‍ നേരത്തെ തന്നെ മറ്റൊരു പ്രതിയായ കമ്പില്‍ സ്വദേശി നിഹാദ് (20)നെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിഹാദ് ഇപ്പോള്‍ ജയിലിലാണ്. എസ് ഐ രൂപ മധുസൂധനന്‍ , ഗ്രേഡ് എസ് ഐ പുരുഷോത്തമന്‍ , എസ് സി പി ഒ നൗഫല്‍ അഞ്ചിലത്ത്, സി പി ഒ സോജി എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Previous Post Next Post