മട്ടന്നൂർ: വിമാനത്താവളത്തിന്റെ കവാടത്തിൽ ഗതാഗതനിയന്ത്രണത്തിന് സ്ഥാപിച്ച സിഗ്നൽ മിക്ക വാഹനങ്ങളും കണക്കാക്കാത്തതിനെ തുടർന്ന് അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസവും കാറുകൾ കൂട്ടിയിടിച്ച് ഇവിടെ അപകടമുണ്ടായി. വിമാനത്താവളത്തിലേക്ക് പോകുന്ന കാറും അഞ്ചരക്കണ്ടി ഭാഗത്തുനിന്ന് വരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല.
ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് കൂടുതലായും സിഗ്നൽ നോക്കാതെ കടന്നുപോകുന്നതെന്ന് പറയുന്നു. വിമാനത്താവളത്തിൽനിന്ന് മട്ടന്നൂർ ഭാഗത്തേക്കും മട്ടന്നൂരിൽനിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്കും പോകുന്നവർക്ക് സിഗ്നൽ ബാധകമല്ല. അതുകൊണ്ടുതന്നെ വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ പലപ്പോഴും ഇവയുമായി കൂട്ടിയിടിക്കുന്നത് പതിവാകുകയാണ്. വിമാനത്താവള കവാടത്തിൽ വാഹനാപകടങ്ങളും അപകടമരണവും സംഭവിച്ചതോടെയാണ് ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. വിമാനത്താവള അധികൃതരും ജനപ്രതിനിധികളും യോഗം ചേർന്നാണ് ഗതാഗതനിയന്ത്രണത്തിന് സംവിധാനങ്ങൾ നടപ്പാക്കിയത്. ട്രാഫിക് സിഗ്നലിനോടൊപ്പം ഹോം ഗാർഡുകളെയും ഇവിടെ വാഹനങ്ങളെ നിയന്ത്രിക്കാൻ നിയോഗിച്ചിരുന്നു.
കോവിഡ് ലോക്‌ഡൗണിനെ തുടർന്ന് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിരക്ക് കുറഞ്ഞതോടെ സിഗ്നൽ തത്‌കാലത്തേക്ക് ഓഫാക്കുകയും ഹോം ഗാർഡിനെ പിൻവലിക്കുകയും ചെയ്തു. ലോക്ഡൗൺ ഇളവുകൾക്കുശേഷം വാഹനങ്ങൾ വർധിച്ചതോടെയാണ് വീണ്ടും ട്രാഫിക് സിഗ്നൽ പ്രവർത്തനക്ഷമമായത്.
പലപ്പോഴും വാഹനങ്ങൾ ഇത് ഗൗനിക്കാതെ പോകുന്നതിനാൽ അപകടങ്ങൾ സംഭവിക്കുകയാണ്. ഏറെ വാഹനത്തിരക്കേറിയ വായന്തോട് ജങ്‌ഷനിൽ ട്രാഫിക് സിഗ്നൽ വേണമെന്ന ആവശ്യം നടപ്പായിട്ടില്ല. വിമാനത്താവളത്തിലേക്കും കണ്ണൂർ, മട്ടന്നൂർ ഭാഗങ്ങളിലേക്കും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ ഭാഗ്യത്തിനാണ് പലപ്പോഴും അപകടങ്ങൾ ഒഴിവാകുന്നത്. ഗതാഗതക്കുരുക്കും പലപ്പോഴും വായന്തോട് ഉണ്ടാകുന്നുണ്ട്.