മാലിന്യ ശേഖരണത്തിന് ഡിജിറ്റൽ ആപ്പുമായിശ്രീകണ്ഠപുരം നഗരസഭ


ശ്രീകണ്ഠപുരം
: ശ്രീകണ്ഠപുരം നഗരസഭയിലെ മാലിന്യശേഖരണത്തിന് തയ്യാറാക്കിയ ഡിജിറ്റൽ ആപ്പിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എം.എൽ.എ. നിർവഹിച്ചു.

ശ്രീകണ്ഠപുരം നഗരസഭയിൽ അജൈവ മാലിന്യശേഖരണം ലക്ഷ്യമാക്കി ഡിജിറ്റൽ ആപ്പ് പുറത്തിറക്കി. നഗരസഭയിലെ 30 വാർഡുകളിലും പ്രത്യേക കലണ്ടർ അടിസ്ഥാനത്തിൽ പാഴ്‌വസ്തു ശേഖരണത്തിനാണ് ഡിജിറ്റൽ സംവിധാനം ഒരുക്കിയത്. നിലവിൽ പ്ലാസ്റ്റിക് മാലിന്യശേഖരണം വിജയകരമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ മറ്റ് അജൈവ വസ്തുക്കൾകൂടി ശേഖരിച്ച് സമ്പൂർണ മാലിന്യസംസ്കരണത്തിന് പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഡിജിറ്റൽ ആപ്പ് ഉണ്ടാക്കിയതിന്റെ ലക്ഷ്യമെന്ന് ചെയർപേഴ്സൺ ഡോ. കെ.വി.ഫിലോമിന അറിയിച്ചു. ഹരിത കർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പാഴ്‍‌വസ്തു ശേഖരണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനും യൂസർ ഫീ ശേഖരണത്തിൽ കൃത്യതവരുത്തുന്നതിനും ഡിജിറ്റൽ സംവിധാനം വഴി സാധിക്കും.

നഗരസഭയിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും ക്യു ആർ കോഡ് വഴി മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കും. ഇതിനായി എല്ലാ വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ക്യു ആർ കോഡ് പതിക്കും. ഹരിത കർമസേനാംഗങ്ങൾ എത്തി മാലിന്യം ശേഖരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ വീട്ടുകാർക്കും സ്ഥാപനമേധാവികൾക്കും ഈ മൊബൈൽ ആപ്പ് വഴി സാധിക്കും. കൂടാതെ ഹരിത കർമസേനയ്ക്ക് മാലിന്യം കൈമാറാത്തവരുടെ വിവരങ്ങൾ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിൽ ലഭിക്കുകയുംചെയ്യും. അതുകൊണ്ട് നഗരസഭക്ക് ഇത്തരക്കാരെ കണ്ടെത്തി ബോധവത്കരിക്കാനും സാധിക്കും.

വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന മാലിന്യങ്ങളുടെ തൂക്കവും ഈടാക്കുന്ന യൂസർ ഫീയും ഹരിത കർമസേനാംഗങ്ങൾ ആപ്പിൽ രേഖപ്പെടുത്തുന്നതോടെ ഉടമസ്ഥരുടെ മൊബൈൽ ഫോണിൽ എസ്.എം.എസ്. സന്ദേശം ലഭിക്കും. മാലിന്യശേഖരണം സംബന്ധിച്ച പരാതികളും ആശങ്കകളും ഉടമസ്ഥർക്ക് ഈ ആപ്പ് വഴി നഗരസഭയെ അറിയിക്കാനും സാധിക്കും. നഗരസഭയിൽനിന്ന് പൊതുജനങ്ങൾക്ക്‌ കിട്ടുന്ന സേവനങ്ങൾ ഭാവിയിൽ ലഭിക്കുന്നതിന് ഹരിത കർമസേനക്ക് മാലിന്യം കൈമാറുന്നതിന്റെ രേഖകൾ ഹാജരാക്കണമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

എല്ലാ വീടുകളിലും സമയക്രമം കാണിച്ചുകൊണ്ടുള്ള കലണ്ടറുകൾ വിതരണംചെയ്യും. നഗരസഭയെ മാലിന്യനിർമാർജനത്തിന് സഹായിക്കുന്ന ഗ്രീൻ വേംസ് എക്കോ സൊല്യൂഷൻ എന്ന സ്ഥാപനമാണ് ആപ്പ് വികസിപ്പിച്ചത്. സജീവ് ജോസഫ് എം.എൽ.എ. ഡിജിറ്റൽ ആപ്പ് ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർപേഴ്സൺ അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ പി.കെ.ശിവദാസൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.നസീമ, സ്ഥിരംസമിതി അധ്യക്ഷൻമാരായ ജോസഫിന വർഗീസ്, പി.പി.ചന്ദ്രാംഗദൻ, കെ.സി.ജോസഫ് കൊന്നക്കൽ, ത്രേസ്യാമ്മ മാത്യു, കൗൺസിലർ കെ.വി.ഗീത, നഗരസഭാ സെക്രട്ടറി കെ.പി.ഹസീന, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ സഹദേവൻ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റഫീഖ് എന്നിവർ സംസാരിച്ചു.

Previous Post Next Post