വി.കെ.എസ് സാമൂഹ്യ പ്രവർത്തനത്തെ സംഗീതമയമാക്കി :- കെ.കെ.കൃഷ്ണകുമാർ


മയ്യിൽ :- 
തൻ്റെ സവിശേഷമായ ഗാന ശൈലിയിലൂടെ കേരളത്തിൻ്റെ സാമൂഹ്യ മാറ്റ പ്രക്രിയയെ സംഗീതമയമാക്കിയ കലാകാരനാണ് വി.കെ.ശശിധരൻ എന്ന വി.കെ.എസ് എന്ന് ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതിയുടെയും പരിഷത്തിൻ്റെയും മുൻ പ്രസിഡൻറും എഴുത്തുകാരനുമായ കെ.കെ.കൃഷ്ണകുമാർ പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ യൂനിറ്റ് ഓൺലൈനിൽ സംഘടിപ്പിച്ച വി.കെ. എസ് സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിഷത്തിനെ ജനകീയമാക്കിയ മികച്ച സംഘാടകൻ കൂടിയായിരുന്നു വി കെ എസ്. അങ്ങേയറ്റത്തെ ആത്മാർഥതയാണ് അദ്ദേഹത്തിൻ്റെ മുഖമുദ. പുതിയ കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വി.കെ.എസിൻ്റെ ശബ്ദവും ഈണങ്ങളും തീർച്ചയായും കരുത്തു പകരുക തന്നെ ചെയ്യും അദ്ദേഹം പറഞ്ഞു. മയ്യിൽ കാലടിയിലും വേളത്തും വി.കെ.എസ് നേരിട്ട് നേതൃത്വം നൽകിയ രണ്ട് സംസ്ഥാന തല പരിശീലന ക്യാമ്പുകൾ (കിളിക്കൂട്ടം, പാവനാടക പഠനക്കളരി ) നടന്നിരുന്നു. ആ ക്യാമ്പിലെ പങ്കാളികളും സംഘാടകരും പങ്കെടുത്ത അനുസ്മരണം ഓർമ്മകളുടെ പങ്കുവെയ്ക്കലും പാട്ടുകളുടെ അവതരണവും കൊണ്ട് ഹൃദ്യമായി. വി.കെ.എസ് ഈണം നൽകിയ ഗീതാഞ്ജലിയിലെ വരികൾ കെ.പി.രാമകൃഷ്ണൻ ആലപിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. കൊട്ടിയം രാജേന്ദ്രൻ, പി.കെ.ഗോപാലകൃഷ്ണൻ, സി.ദാമോദരൻ, എം വി ജനാർദ്ദനൻ,മുല്ലനേഴിയുടെ മകൻ പ്രദീപൻ മുല്ലനേഴി, ഗായകൻ രതീഷ്കുമാർ പല്ലവി, ശ്രീലത കടൂർ (ബാംഗ്ലൂർ), നിഷ കസ്തൂരി, പി.സി.സുരേഷ് ബാബു, ജൈന പരിപ്പായി, ടി.കെ.ബാലകൃഷ്ണൻ, പി.കെ. രഘുനാഥൻ കൊയിലാണ്ടി, കെ.സി.പത്മനാഭൻ,ശശികുമാർ പട്ടുവം, ഡോ.സി.ശശിധരൻ, അരവിന്ദൻ രാജ്കോട്ട്  തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റ്‌ പ്രസിഡൻ്റ് പി.കെ.പ്രഭാകരൻ അധ്യക്ഷനായി. വി.വി.ശ്രീനിവാസൻ പരിപാടികൾ നിയന്ത്രിച്ചു. യൂനിറ്റ് സെക്രട്ടരി കെ.കെ.കൃഷ്ണൻ സ്വാഗതവും സി ദാമോദരൻ നന്ദിയും പറഞ്ഞു.


Previous Post Next Post