കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര ചരക്ക് നീക്കം തുടങ്ങി

കണ്ണൂര്‍ വിമാനത്താവളത്തെ മലബാറിന്റെ എയര്‍ കാര്‍ഗോ ഹബ്ബാക്കും: മുഖ്യമന്ത്രി


കണ്ണൂർ :-
കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകള്‍ കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗങ്ങള്‍, ഗൂഡല്ലൂര്‍, കൂര്‍ഗ്, തുടങ്ങി വലിയ മേഖലയാണ് കണ്ണൂര്‍ വിമാനത്താവളത്തിലാരംഭിക്കുന്ന അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസിനെ ആശ്രയിക്കുകയെന്നും കാര്‍ഷികോല്‍പന്ന, മലഞ്ചരക്ക് വിപണനത്തിനും വിമാനത്താവള വികസനത്തിനും അന്താരാഷ്ട്ര ചരക്ക് നീക്കം വലിയൊരു നേട്ടമായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം കാര്‍ഗോ കോംപ്ലക്‌സില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ചരക്ക് നീക്കം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിന്റെ എയര്‍ കാര്‍ഗോ ഹബ്ബായി കണ്ണൂരിനെ മാറ്റുകയാണ് ലക്ഷ്യം. കൊവിഡ് പ്രതിസന്ധികള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്വാഭാവിക വികസനത്തിന് തടസ്സമായെന്ന് പറയാതെ വയ്യ. ആഭ്യന്തര-അന്തര്‍ ദേശീയ വ്യോമയാനത്തെ കൊവിഡ് കാലം ബാധിച്ചു. എങ്കിലും അതിനെ മറികടക്കാന്‍ കിയാലിന് കഴിഞ്ഞു. വിദേശ രാജ്യങ്ങളിലേക്കുള്ള കണക്ഷന്‍ വിമാനങ്ങള്‍ക്ക് കണ്ണൂരിലിറങ്ങാന്‍ കഴിയണം. ഇക്കാര്യം നിരവധി തവണ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരമായില്ല. വിദേശ വിമാന കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കേന്ദ്രാനുമതിയില്ലാത്തത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തെ ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബ്രിട്ടീഷ് കാലത്ത് തന്നെ മലഞ്ചരക്ക് വ്യാപാരത്തിന്റെ മുഖ്യ കേന്ദ്രമായിരുന്നു തലശ്ശേരി. അഴീക്കല്‍ തുറമുഖം കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയിലാവുകയും വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കം വ്യാപകമാവുകയും ചെയ്താല്‍ നഷ്ടപ്രതാപം തിരിച്ച് പിടിക്കാന്‍ കണ്ണൂരിന് കഴിയും.മുഖ്യമന്തി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ചരക്ക് നീക്കം വിമാനത്താവളത്തിന്റേയും സമീപ ജില്ലകളുള്‍പ്പെടെയുള്ള വലിയ പ്രദേശത്തിന്റെയും സമഗ്ര വളര്‍ച്ചയ്ക്കും വരുമാന വര്‍ധനയ്ക്കും വഴിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ആദ്യ കാര്‍ഗോ കൈമാറി. പരമ്പരാഗത കാര്‍ഷിക, വ്യവസായ, വാണിജ്യ മേഖലക്ക് ഊര്‍ജം പകരാന്‍ അന്താരാഷ്ട്ര കാര്‍ഗോ സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു. എം പിമാരായ കെ സുധാകരന്‍, ഡോ. വി ശിവദാസന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. കാര്‍ഗോയ്ക്കുള്ള ആദ്യ കണ്‍സെയിന്‍മെന്റ് ഫെയര്‍ എക്‌സ്‌പോര്‍ട്ടില്‍ നിന്ന് കിയാല്‍ എം ഡി ഡോ.വി വേണു ഏറ്റുവാങ്ങി. മട്ടന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി, ചീഫ് സെക്രട്ടറി വി പി ജോയ്, അഡി. ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്, കിയാല്‍ എംഡി ഡോ. വി വേണു, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, സിറ്റി കമ്മീഷണര്‍ ആര്‍ ഇളങ്കോ, ചീഫ് കസ്റ്റംസ് കമ്മീഷണര്‍ ശ്യാം രാജ് പ്രസാദ്, കസ്റ്റംസ് കമ്മീഷണര്‍ രാജേന്ദ്രകുമാര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുഭാഷ് മുരിക്കഞ്ചേരി, കിയാല്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post