തിരുവനന്തപുരം:- കനത്ത മഴയെ (Heavy Rain) തുടർന്ന് ജലനിരപ്പ് (Water level) ഉയർന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ടിന്റെ (Edamalayar Dam) രണ്ട് ഷട്ടറുകൾ മുൻ നിശ്ചയിച്ച പ്രകാരം തുറന്നു. ഇന്ന് രാവിലെ രണ്ട് തവണ സൈറൺ മുഴക്കിയ ശേഷമാണ് അണക്കെട്ട് തുറന്നത്. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വരെയാണ് ഉയർത്തിയിരിക്കുന്നത്.
അധികൃതർ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. പുഴയിലെ വെള്ളത്തിന്റെ നില നോക്കി, സ്ഥിതി അനുകൂലമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും. 80 സെന്റിമീറ്റർ വരെ വെള്ളം തുറന്നുവിടാനാണ് ആലോചന. എന്നാൽ ഇപ്പോൾ അധികമായി വെള്ളം തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും അപകടകരമായ നിലയല്ല ഉള്ളതെന്നും എക്സിക്യുട്ടീവ് എഞ്ചിനീയർ പിഎൻ ബൈജു പറഞ്ഞു.
ഇന്ന് കൂടുതൽ അണക്കെട്ടുകൾ തുറക്കും. എന്നാൽ ജനം പരിഭ്രാന്തരാകേണ്ട സ്ഥിതിയില്ല. ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 11 മണിക്കാണിത്. റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പമ്പ അണക്കെട്ടും ഇടമലയാർ അണക്കെട്ടും ഇതിനോടകം തുറന്നു.
നദികളുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ആശങ്ക വേണ്ടെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. രണ്ട് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം വീണ്ടും തുറക്കുന്നത്. പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശമുണ്ട്. ഇടുക്കി അണക്കെട്ട് തുറന്നാൽ വെള്ളം ആദ്യമെത്തുക ചെറുതോണി ടൗണിലാണ്. കഴിഞ്ഞ തവണത്തെ അത്ര ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കെഎസ്ഇബി ചെയർമാൻ പറഞ്ഞു.
പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. 25 മുതൽ 50 ക്യൂമെക്സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും. എന്നാൽ പുഴയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്ററിൽ അധികം ഉയരാതെ നിലനിർത്താനാണ് ശ്രമം. വീടുകളിൽ വെള്ളം കയറാതിരിക്കാൻ പരമാവധി മുൻകരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്.