ഇടുക്കി ഡാം തുറന്നു; സെക്കൻഡിൽ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റർ വെള്ളം, ജാഗ്രത


മാങ്കുളം:-
  ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്.

ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി.

ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറക്കുന്നത്. ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.

താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.

2403 അടി പരമാവധി ശേഷിയുള്ള ഇടുക്കി ഡാമിൽ ചൊവ്വാഴ്ച രാവിലെ 2397.86 അടിയിൽ ജലനിരപ്പ് എത്തിയതോടെ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. നിലവിൽ 2398.04 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2398.02 അടി പരമാവധി സംഭരിക്കാൻ അനുമതിയുണ്ടെങ്കിലും ആ അളവിൽ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തണമെങ്കിൽ ചുവപ്പ് ജാഗ്രത കഴിഞ്ഞാൽ ഷട്ടറുകൾ തുറക്കണമെന്നാണ്.

ഡാം തുറക്കുന്നതിന്റെ മുന്നോടിയായി വെള്ളാപ്പാറയിലുള്ള ഡിടിപിസി ഗസ്റ്റ് ഹൗസിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എന്നിവരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിൽ മാത്രമേ വെള്ളം തുറന്നുവിടാനുള്ള ഷട്ടർ സംവിധാനമുള്ളൂ. ഇടുക്കി ആർച്ച് ഡാമിനും പദ്ധതിയിലെ മൂന്നാമത്തെ അണക്കെട്ടായ കുളമാവ് ഡാമിനും ഷട്ടറുകളില്ല.

തുറക്കുന്നത് അഞ്ചാം തവണ

1976 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമ്മിഷൻ ചെയ്ത ഇടുക്കി പദ്ധതിയിൽ വെള്ളം ഒഴുക്കിക്കളയേണ്ടിവരുന്നത് ഇത് അഞ്ചാം തവണയാണ്. 1981 ഒക്ടോബർ 23-നും 1992 ഒക്ടോബർ 11-നും 2018 ഓഗസ്റ്റ് 9-നും ഒക്ടോബർ ആറിനുമാണ് മുമ്പ് ഡാം തുറന്നത്. ആദ്യ രണ്ടുതവണയും മോശമല്ലാത്ത കാലവർഷത്തെ തുടർന്നെത്തിയ കനത്ത തുലാവർഷമാണ് അണക്കെട്ടിനെ നിറച്ചത്. 2018-ൽ മഹാപ്രളയവും. 2018 ഓഗസ്റ്റ് ഒമ്പതിന് തുറന്ന ഷട്ടറുകൾ സെപ്റ്റംബർ ഏഴിനാണ് താഴ്ത്തിയത്. ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വീണ്ടും ഒക്ടോബർ ആറിന് ഡാം തുറക്കുകയുണ്ടായി. കാലവസ്ഥാ മുന്നറിയിപ്പ് പിൻവലിച്ചതോടെ തൊട്ടടുത്ത ദിവസം അടക്കുകയും ചെയ്തു. ഇത്തവണ കാലവർഷം മുതൽ ഒഴിയാതെനിന്ന മഴ തുലാവർഷമെത്തുംമുമ്പുണ്ടായ ന്യൂനമർദത്തോടെ അതിശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.

Previous Post Next Post