റോഡരികിൽ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കാൻ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗ തീരുമാനം

 

കണ്ണൂർ :- വഴിയോരങ്ങളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനും നിശ്ചിത സമയപരിധിക്കുള്ളില്‍ വാഹനങ്ങള്‍ മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.  കെ വി സുമേഷ് എം എല്‍ എ യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

 പൊലീസ് സ്റ്റേഷനുകളിലും മറ്റും കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ നിയമ കുരുക്കുകള്‍ ഒഴിവാകുന്നവ ഉടമകള്‍ക്ക് കൈമാറാനും അല്ലാത്തവ ഡംബിങ്ങ് യാര്‍ഡിേലക്ക് മാറ്റാനും ഇതിനായി താലൂക്ക് കേന്ദ്രങ്ങളില്‍ ഡംബിങ്ങ് യാര്‍ഡുകള്‍ കണ്ടെത്താനും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.  

ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 


പുതിയതെരു മുതല്‍ മേലെ ചൊവ്വ വരെയുള്ള റോഡിലെ പൊളിഞ്ഞ ഡിവൈഡറുകള്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്താന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയെ യോഗം ചുമതലപ്പെടുത്തി. തോട്ടടയിലെ റോഡിന്റെ വശങ്ങളിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റാനും യോഗം എന്‍ എച്ച് എ ഐയ്ക്ക് ചുമതല നല്‍കി. റോഡുകളിലെ അപകട സാധ്യതയുള്ള ഇടങ്ങള്‍ അഥവാ ബ്ലാക്ക് സ്‌പോട്ടുകള്‍ സംബന്ധിച്ച്  പരിശോധന നടത്തി രണ്ടാഴ്ചക്കുള്ളില്‍ അന്തിമ പട്ടിക തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന് യോഗം നിര്‍ദ്ദേശം നല്‍കി.


 ചപ്പാരപ്പടവ് തെറ്റ് റോഡില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തിന് യോഗം അനുമതി നല്‍കി. പരിവാഹന്‍ വെബ്‌സൈറ്റിലെ ലോഗിന്‍ അനുമതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്‍ ഐ സിയുമായി ചേര്‍ന്ന് പരിഹരിക്കാനും യോഗം തീരുമാനിച്ചു.


 കെ വി സുമേഷ് എം എല്‍ എ, മേയര്‍ അഡ്വ.ടി ഒ മോഹനന്‍, സിറ്റി കമ്മീഷണര്‍ ആര്‍ ഇളങ്കോ, തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്‌സി, എ ഡി എം കെ കെ ദിവാകരന്‍, ആര്‍ ടി ഒ ഇ എസ് ഉണ്ണികൃഷ്ണന്‍, മറ്റ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post