വിദ്യാർഥികളെ വരവേൽക്കാൻ ‘ആന’യും റെഡി

മൊറാഴ സൗത്ത് എ.എൽ.പി. സ്കൂൾ കവാടത്തിൽ വിദ്യാർഥികളെ വരവേൽക്കാൻ ഒരുക്കിയ ആനയുടെ ശില്പം. ഒപ്പം, ശില്പി സത്യൻ കാനൂലും

കല്യാശ്ശേരി :- തുറക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ വിദ്യാർഥികളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങി. ഒന്നരവർഷത്തിന് ശേഷമാണ് വിദ്യാർഥികൾക്ക് സ്കൂളുകളിൽ അധ്യയനം തുടങ്ങുന്നത്.

മൊറാഴ സൗത്ത് എ.എൽ.പി. സ്കൂളിൽ കവാടം തന്നെ വ്യത്യസ്ത രീതിയിലാണ് സജ്ജമാക്കിയത്. കൂറ്റൻ കൊമ്പനാനയുടെ ശില്പം ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ശില്പി സത്യൻ കാനൂലാണ് ജീവൻതുടിക്കുന്ന ശില്പം കരവിരുതിൽ തീർത്തത്.

വിദ്യാർഥികളിൽ കൗതുകമുണർത്താനുള്ള ലക്ഷ്യമാണ് ആനയുടെ ശില്പനിർമാണത്തിന്‌ പിന്നിൽ. 40 ചാക്ക് സിമന്റും കോൺക്രീറ്റ് മിശ്രിതവും ഉപയോഗിച്ചാണ് ശില്പം പൂർത്തിയാക്കിയത്. ഒരു ലക്ഷത്തോളം രൂപയാണ് ചെലവായത്. സ്കൂൾ മാനേജർ സുനിൽകുമാറിന്റെ പിന്തുണയോടെയാണ് ശില്പം തയ്യാറാക്കിയത്. ഇതേ സ്കൂളിലെ ജിറാഫിന്റെ ശില്പവും ആകർഷകമാണ്.


Previous Post Next Post