നൂറ് കോടി വാക്സീൻ എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ദില്ലി : - നൂറ് കോടി വാക്സീൻ  (Covid 19 Vaccine)എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും. രാജ്യം കൊറോണയിൽ (Coronavirus) നിന്ന് കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 

ഇന്ത്യക്ക് വാക്സീൻ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ആ സംശയം അസ്ഥാനത്തായെന്നും വികസിത രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ രാജ്യത്ത് കൊവിഡ് വാക്സീൻ വിതരണം നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

കൊവിഡിനെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് വാക്സീനേഷനിലെ മുന്നേറ്റം. 

വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ അത് കൊണ്ട് കൊറോണയെ തുരത്താൻ പറ്റുമോയെന്ന് പുച്ഛിച്ചു. പക്ഷേ രാജ്യത്തിൻ്റെ ഐക്യമാണ് വിളക്കു തെളിക്കലിലൂടെ വെളിപ്പെട്ടത്. 

നമ്മുടെ രാജ്യമുണ്ടാക്കിയ കൊവിൻ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടങ്ങളെ അഭിന്ദിക്കുകയാണ്. വാക്സിനേഷനിൽ വിവേചനം ഇല്ലെന്ന് ഉറപ്പാക്കിയെന്നും വിഐപി സംസ്കാരം വാക്സീൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു

Previous Post Next Post