കല്യാശ്ശേരി : - കല്യാശ്ശേരി സ്വദേശി ആകാശ് നമ്പ്യാർ അഫ്ഗാനിസ്താനിൽ അസ്വാതന്ത്ര്യവും യാതനയും അനുഭവിക്കുന്ന സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായി ഹിമാലയത്തിലൂടെ ഓടി. മണാലി മുതൽ തോത്തോങ്ങ് വരെയുള്ള 51 കിലോമീറ്റർ 10 മണിക്കൂറെടുത്താണ് പൂർത്തിയാക്കിയത്.
ഐക്യരാഷ്ട്രസംഘടനയുടെ സന്നദ്ധസേവനവിഭാഗത്തിന്റെ ആവശ്യപ്രകാരം അഫ്ഗാനിസ്താനിലെ ബാമിയ പ്രദേശത്ത് പീഡനം അനുഭവിക്കുന്നവർക്കായി ഓടാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ താലിബാൻ സർക്കാർ പരിപാടിക്ക് അനുമതി നിഷേധിച്ചതോടെയാണ് അതേ ഭൂപ്രകൃതിയുള്ള മണാലി തിരഞ്ഞെടുത്തത്. ആകാശ് അബുദാബി മുതൽ ദുബായ് വരെ കഴിഞ്ഞവർഷം ആദ്യമായി നഗ്നപാദനായി ഓടിയും ശ്രദ്ധേയനായിരുന്നു.
ആമസോണിൽ എൻജിനീയറാണ് 31-കാരനായ ആകാശ്. കല്യാശ്ശേരിയിലെ മുൻ കെൽട്രോൺ ജീവനക്കാരൻ പി.വി.പുരുഷോത്തമന്റെയും സർക്കാർ സർവീസിൽ നിന്നും ഹെഡ് നേഴ്സായി റിട്ടയർ ചെയ്ത ശൈലജ മാണിക്കോത്തിന്റെയും മകനാണ്. ഹർഷ സഹോദരിയാണ്. മയ്യിൽ സ്വദേശിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്തിൻ്റെ മരുമകൻ ആണ് ആകാശ് നമ്പ്യാർ.