റോഡ് നിർമ്മാണം പുരോഗമിക്കുന്ന കോട്ടക്കുന്ന് സ്കൂളിനു സമീപം |
ചിറക്കൽ :- പനവേൽ-കന്യാകുമാരി ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കണ്ണൂർ ബൈപ്പാസിന്റെ തളിപ്പറമ്പ് കുറ്റിക്കോൽ മുതൽ മുഴപ്പിലങ്ങാട് വരെയുള്ള ഭാഗങ്ങളിൽ റോഡ് നിർമിക്കുന്ന ജോലികൾ തുടങ്ങി.
ഹൈദരാബാദ് വിശ്വസമുദ്ര കമ്പനിയാണ് 30 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റീച്ചിന്റെ നിർമാണത്തിന്റെ കരാർ ഏറ്റെടുത്തത്.
45 മീറ്റർ വീതിയിൽ പാത നിർമിക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. പല ഭാഗങ്ങളിൽനിന്ന് ഈ ജോലി നടന്നുവരുന്നു.
തുടർച്ചയായി മഴപെയ്തതുകാരണം കഴിഞ്ഞദിവസങ്ങളിൽ പണി തടസ്സപ്പെട്ടിരുന്നു. രണ്ട് ദിവസമായി മഴ കുറഞ്ഞതുകാരണം ജോലികൾ പുനരാരംഭിച്ചു.
ഒരു കിലോമീറ്ററിലധികം നീളമുള്ള വളപട്ടണം ഉൾപ്പെടെ, പതിമൂന്നിലധികം പാലങ്ങൾ ഈ പാതയിൽ നിർമിക്കാനുണ്ട്. അഞ്ച് ഫ്ളൈ ഓവറുകളും.
സ്ഥലമേറ്റെടുക്കൽ 98 ശതമാനവും പൂർത്തിയായെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. രേഖകൾ വ്യക്തമല്ലാത്ത ഭൂമിയുടെ ഏറ്റെടുക്കലാണ് തടസ്സമായത്.
ഏറ്റെടുത്ത കെട്ടിടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ കഴിഞ്ഞ ചൊവ്വാഴ്ച ഉത്തരവ് നൽകിയിരുന്നു. മൂന്നുദിവസത്തിനകം ഒഴിഞ്ഞുപോകാനാണ് നോട്ടീസ് നൽകിയത്.
വീടുകളും കെട്ടിടങ്ങളും ഉടൻ പൊളിച്ചുമാറ്റും. മരങ്ങൾ മുറിച്ചുമാറ്റുന്ന ജോലികളും പുരോഗമിക്കുന്നു. ഫണ്ടിന്റെ അപര്യാപ്തത കാരണം നഷ്ടപരിഹാരം പൂർണമായും കൊടുത്തുകഴിഞ്ഞിട്ടില്ല.
അടുത്ത മഴക്കാലത്തിനുമുമ്പ് പാതനിരപ്പാക്കുന്ന ജോലികളും പാലങ്ങളുടെ തൂണുകൾ നിർമിക്കുന്ന ജോലികളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരാറുകാരുടെ പ്രതീക്ഷ.
വെള്ളം കെട്ടിനിർത്തേണ്ടതിനാൽ പാലങ്ങളുടെ ഉപരിതലം മഴക്കാലത്ത് മാത്രമേ കോൺക്രീറ്റ് ചെയ്യൂ.
.