തളിപ്പറമ്പ്:-ഗള്‍ഫില്‍ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങിയ ഏരുവേശി സ്വദേശിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ഏരുവേശി അമ്പഴത്തുംചാലിലെ കുന്നേല്‍ സജു മാത്യുവിനെയാണ് (33) കാണാതായത്.
ഇതുസംബന്ധിച്ച് സജു മാത്യുവിന്റെ സഹോദരന് നല്കിയ പരാതിയിൽ കുടിയാന്മല പൊലീസ് കേസെടുത്തു.
ഷാര്‍ജയില്‍ ജോലി ചെയ്യുന്ന സജു മാത്യു കഴിഞ്ഞ എട്ടിന് രാത്രിയാണ് എയര്‍ ഇന്ത്യ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത്. എന്നാൽ, വീട്ടിലെത്തിയില്ല. ഇതേത്തുടർന്നാണ് പരാതി നൽകിയത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ നിര്‍ദേശപ്രകാരം കുടിയാന്മല പ്രിൻസിപ്പൽ എസ്.ഐ നിബിന് ജോയിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെ നിരീക്ഷണ കാമറകൾ പരിശോധിച്ചു.
വിമാനത്തിൽനിന്ന് ഇറങ്ങുന്നതും പുറത്തുവന്ന് ടാക്സി കാറില്‍ കയറുന്നതുമായ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാറില്‍ കയറിയതിനുശേഷം എങ്ങോട്ടുപോയെന്ന് വ്യക്തമല്ല. ഈ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സജു മാത്യുവിനെ ജില്ലക്ക് പുറത്തേക്ക് കൊണ്ടുപോയതായി സംശയിക്കുന്നു.