മയ്യിൽ :- ഒരു മാസം നീണ്ട പിഎസ്‌സി പരീക്ഷാ പരിശീലനം സമാപിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റൈയും തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം കരിയർ ഗൈഡൻസ് സെന്ററിന്റെയും നേതൃത്വത്തിലാണ് പ്രിലിമിനറി പരീക്ഷകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി പരിശീലനം സംഘടിപ്പിച്ചത്. ഞായറാഴ്‌ചകളിൽ ഒഴികെയുള്ള ദിവസങ്ങളിൽ പത്തുമുതൽ നാലുവരെയായിരുന്നു പരിശീലനം.
മത്സരപരീക്ഷാ പരിശീലനം വലിയ വ്യാപാരകമ്പോളമായി മാറുന്ന കാലത്താണ് ഉദ്യോഗാർഥികൾക്ക് പൂർണമായും സൗജന്യമായ പരിശീലനത്തിന് അവസരമൊരുക്കിയത്. ഏറ്റവും മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ വരാനിരിക്കുന്ന എൽഡി ക്ലർക്ക് ഉൾപ്പെടെയുള്ള പരീക്ഷകളെ മുൻനിർത്തിയുള്ള സമഗ്ര പരിശീലനമാണ് നടന്നത്. ഗണിതവും ഇംഗ്ലീഷും ജനറൽ നോളജും സമകാലിക സംഭവങ്ങളും മലയാളവും ശാസ്‌ത്രവും ചരിത്രവും ഉൾപ്പെടെ പരീക്ഷാ സിലബസിനെ ശാസ്‌ത്രീയമായാണ് പരിശീലനം സമീപിച്ചത്. പരിശീലനത്തിന്റെ രണ്ടുഘട്ടങ്ങളിലായി നടന്ന മാതൃകാപരീക്ഷകൾ ആത്മവിശ്വാസത്തോടെ പരീക്ഷളെയുതാൻ ഉദ്യോഗാർഥികളെ സഹായിക്കും.
സമാപന സമ്മേളനം എഡിഎം കെ കെ ദിവാകരൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ രമേശൻ കുനിയിൽ അധ്യക്ഷനായി.