തിരുവനന്തപുരം:- 2021 ലെ എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി. വത്സലയ്ക്ക്. സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് കേരള സർക്കാർ നൽകി വരുന്ന പരമോന്നത സാഹിത്യപുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം.
അധ്യാപികയായി പ്രവർത്തനമനുഷ്ഠിച്ച പി. വത്സല സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമായിരുന്നു. നെല്ല് ആണ് ആദ്യനോവൽ. ഈ നോവൽ പിന്നീട് അതേ പേരിൽ തന്നെ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ ചലച്ചിത്രമായി. നെല്ലിന് കുങ്കുമം അവാർഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, സി. എച്ച്. അവാർഡ്, കഥ അവാർഡ്, മുട്ടത്തുവർക്കി പുരസ്കാരം എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽചീളുകൾ, മലയാളത്തിന്റെ സുവർണകഥകൾ, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വത്സലയുടെ സ്ത്രീകൾ, പേമ്പി, വിലാപം, നിഴലിലുറങ്ങുന്ന വഴികൾ, പോക്കുവെയിൽ പൊൻവെയിൽ എന്നിവ പ്രധാനകൃതികളിൽ ഉൾപ്പെടുന്നു.