കണ്ണൂർ :- സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ വ്യാപകമായ അപാകതകൾ കടന്നുകൂടിയതായും ഇത് പരിഹരിക്കാൻ നടപടി വേണമെന്നും രാഷ്ട്രീയപാർട്ടികൾ ഒന്നടങ്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക നിരീക്ഷകൻ ബിജു പ്രഭാകർ മുമ്പാകെ ആവശ്യപ്പെട്ടു. നിലവിലെ പട്ടിക റദ്ദാക്കി പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കണമെന്നും പേര് ചേർക്കാനുള്ള സമയം നവംബർ 30ൽനിന്ന് നീട്ടിനൽകണമെന്നും ആവശ്യമുയർന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ അഭിപ്രായം കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് നിരീക്ഷകൻ അറിയിച്ചു. നവംബർ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക സംബന്ധിച്ചാണ് ആക്ഷേപമുയർന്നത്.
പട്ടികവർഗ മേഖലകളിൽ വോട്ടർമാരെ ചേർക്കാനുള്ള പ്രത്യേക യജ്ഞം നടത്തണം, ആക്ഷേപമുള്ള ബൂത്ത് ലെവൽ ഓഫീസർമാരുടെ കാര്യത്തിൽ പുനരാലോചന വേണം, ബൂത്ത് ലെവൽ ഏജൻറുമാരെ മാറ്റി നിശ്ചയിക്കാൻ ആലോചന വേണം എന്നീ ആവശ്യങ്ങളുമുയർന്നു.
കളകട്റേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജി. ശ്രീകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. പ്രകാശൻ മാസ്റ്റർ (സി പി ഐ എം), കെ സി മുഹമ്മദ് ഫൈസൽ (കോൺഗ്രസ് ഐ ), എം. ഗംഗാധരൻ (സി പി ഐ), അഡ്വ. എസ്. മുഹമ്മദ് (മുസ്ലിം ലീഗ്), പി ആർ രാജൻ (ബി ജെ പി ), യു.പി. മുഹമ്മദ് കുഞ്ഞി (കോൺഗ്രസ് എസ് ), ജി. രാജേന്ദ്രൻ (എൽ ജെ ഡി ), പി പി ദിവാകരൻ (ജനതാദൾ എസ് ), ഡോ. കെ. ജോസഫ് തോമസ് (കേരള കോൺഗ്രസ് എം ), പി കെ രവീന്ദ്രൻ (എൻ സി പി), ജോൺസൺ പി തോമസ് (ആർ എസ് പി ), മുഹമ്മദ് ഇംതിയാസ് (വെൽഫയർ പാർട്ടി), തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.