ആക്രി പെറുക്കി വിറ്റ് ചികിത്സാനിധിയിലേക്ക് ശേഖരിച്ചത് 10 ലക്ഷം രൂപ


 


കണ്ണൂർ: രോഗബാധിതയായ കുട്ടിക്കുവേണ്ടി ‘ആക്രി ചലഞ്ചി’ലൂടെ 10 ലക്ഷം രൂപ സമാഹരിച്ച് യുവാക്കൾ. എസ്.എം.എ. രോഗം ബാധിച്ച മുഴപ്പിലങ്ങാട്ടെ ഇനാറ മറിയത്തിനായി സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്.) കണ്ണൂർ മേഖലാ കമ്മിറ്റിയാണ് ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റ് 10 ലക്ഷം രൂപ സ്വരൂപിച്ചത്. മേഖലാ കമ്മിറ്റിക്കു കീഴിലെ 17 ശാഖകളിൽനിന്നാണ് ചികിത്സാഫണ്ടിലേക്കായി ആക്രി പെറുക്കിയത്.

മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടുദിവസങ്ങളിലായി നടന്ന പരിപാടിയിൽ ആറോളം കേന്ദ്രങ്ങളിൽനിന്നാണ് ആക്രിസാധനങ്ങൾ ശേഖരിച്ചത്. പ്രസിഡന്റ് ഷാസി ദാരിമി, ജന. സെക്രട്ടറി ഇ.കെ. സജീർ കാടാച്ചിറ എന്നിവർ നേതൃത്വം നൽകി. ചൊവ്വാഴ്ച വൈകിട്ട് 6.30-ന് എടക്കാട് മണപ്പുറം മസ്ജിദ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ ഫണ്ട് കൈമാറും. സമസ്ത കേന്ദ്ര സെക്രട്ടറി പി.പി. ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.

Previous Post Next Post