മൂന്നു ദിവസം നീളുന്ന ശിവഗിരി തീർഥാടനത്തിന് തീർഥാടന ഘോഷയാത്രയോടെ നാളെ തുടക്കമാവും


ശിവഗിരി :- 
മൂന്നുദിവസം നീളുന്ന ശിവഗിരി തീർഥാടനത്തിൽ വിവിധ വിഷയങ്ങളിലായി 11 സമ്മേളനങ്ങൾ നടക്കും. 31-ന് രാവിലെ അഞ്ചിന് തീർഥാടക ഘോഷയാത്ര ശിവഗിരിയിൽ നിന്നാരംഭിക്കും. അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്കു പിന്നിൽ ഭക്തജനങ്ങൾ അണിനിരന്ന് മൈതാനം, റെയിൽവേ സ്റ്റേഷൻ വഴി മഹാസമാധിപീഠത്തിൽ തിരിച്ചെത്തും.

9.30-ന് തീർഥാടകസമ്മേളനം കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷണം നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി വി.എൻ.വാസവൻ, വ്യവസായി എം.എ.യൂസഫലി എന്നിവർ മുഖ്യാതിഥികളായിരിക്കും. ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിനെ ആദരിക്കും.

12.30-ന് സാഹിത്യസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. അശോകൻ ചരുവിൽ അധ്യക്ഷനും ബെന്യാമിൻ മുഖ്യാതിഥിയുമാകും. മൂന്നിന് ശാസ്ത്രസാങ്കേതിക സമ്മേളനം മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും. 

വി.എസ്.എസ്.സി. ഡയറക്ടർ ഡോ. എസ്.സോമനാഥ് മുഖ്യാതിഥിയാകും. വൈകീട്ട് ആറിന് ശ്രീനാരായണ ദാർശനിക സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. എൻ.ബാലഗോപാൽ അധ്യക്ഷനാകും. കർദിനാൾ ബസേലിയസ് മാർ ക്ലീമിസ് വിശിഷ്ടാതിഥിയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മുബാറക് പാഷ മുഖ്യാതിഥിയുമായിരിക്കും.


ജനുവരി ഒന്നിന് മഹാസമാധി മന്ദിരത്തിലെ ഗുരുദേവപ്രതിമാ പ്രതിഷ്ഠാദിനാഘോഷം നടക്കും. രാവിലെ 7.30-ന് ശിവഗിരി ശാരദാമഠത്തിൽനിന്നും മഹാസമാധി മന്ദിരത്തിലേക്ക്‌ 108 പുഷ്പകലശങ്ങളുമായി പ്രയാണം. തുടർന്ന് മഹാസമാധിപീഠത്തിൽ കലശാഭിഷേകം, വിശേഷാൽ പൂജ. രാവിലെ ഒമ്പതിന് ശ്രീനാരായണ പ്രസ്ഥാനസംഗമം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ. കെ.സുധാകരൻ അധ്യക്ഷനാകും.


ഉച്ചയ്ക്ക് രണ്ടിന് സാമൂഹികനീതി അസമത്വവും പരിഹാരവും സമ്മേളനം മന്ത്രി പ്രൊഫ. ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. 5.00-ന് സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ അധ്യക്ഷതയിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, കർണാടക വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വന്ത് നാരായൺ, കനിമൊഴി കരുണാനിധി എം.പി. എന്നിവർ മുഖ്യാതിഥികളായിരിക്കും. തീർഥാടനത്തോടനുബന്ധിച്ച് രാവിലെ 4.30-ന് പർണശാലയിൽ ശാന്തിഹവനവും ശാരദാമഠത്തിൽ വിശേഷാൽപൂജയും മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജയും ഗുരുദേവകൃതികളുടെ പാരായണവുമുണ്ടാകും. തീർഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അറിയിച്ചു.

Previous Post Next Post