തിരുവനന്തപുരം :- ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയുടെ ഓർമയ്ക്ക് അരനൂറ്റാണ്ട്. 1971 ഡിസംബർ 30-ന് കോവളത്ത് ഹൃദയാഘാതംമൂലമാണ് അദ്ദേഹം മരിച്ചത്. 1966-ൽ പദ്‌മഭൂഷണും 1972-ൽ മരണാനന്തരബഹുമതിയായി പദ്‌മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരുന്നു.
1919 ഓഗസ്റ്റിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ധനിക ജൈന കുടുംബത്തിലാണ് വിക്രം സാരാഭായി ജനിച്ചത്. 1940-ൽ പ്രകൃതിശാസ്ത്രത്തിൽ ഇംഗ്ലണ്ടിലെ കേംബ്രിജ് സർവകലാശാലയിൽനിന്ന് ബിരുദം നേടി. തിരിച്ച് ഇന്ത്യയിലെത്തിയ അദ്ദേഹം സി.വി. രാമൻ നേതൃത്വം നൽകുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണമാരംഭിച്ചു. 1947-ൽ കോസ്മിക് രശ്മികളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന് കേംബ്രിജിൽനിന്ന് പിഎച്ച്.ഡി. ലഭിച്ചു. തുടർന്ന്, അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ ഭൗതികശാസ്ത്ര പ്രൊഫസറായി. ഇദ്ദേഹം ശാസ്ത്രത്തിൽ അതിതത്പരനായ ചെറുപ്പക്കാരനാണെന്നും കേംബ്രിജിലെ പഠനം വിക്രമിന് ഉന്നതമൂല്യമുള്ളതാകുമെന്ന് എനിക്കുറപ്പുണ്ടെന്നും രവീന്ദ്രനാഥ ടാഗോർ പ്രകീർത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെ അണുശക്തി കമ്മിഷനിൽ ഉദ്യോഗസ്ഥനായ സാരാഭായി, ഉപഗ്രഹവിക്ഷേപണത്തിൽ പ്രത്യേകതാത്പര്യം കാട്ടിയിരുന്നു. ബഹിരാകാശഗവേഷണത്തെ ശൂന്യാകാശയാത്രകളായി വഴിതിരിച്ചുവിടാതെ, വാർത്താവിനിമയത്തിനും കാലാവസ്ഥാനിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തുമ്പയിലെ ബഹിരാകാശകേന്ദ്രം ഈ ആശയത്തിന്റെ സൃഷ്ടിയാണ്. അദ്ദേഹത്തോടുള്ള ബഹുമാനാർഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം ‘വിക്രം സാരാഭായ് സ്പേസ് സെന്റർ’ എന്നാണറിയപ്പെടുന്നത്. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ശില്പിയും അദ്ദേഹമാണ്. റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമിക്കുന്നതിൽ കഴിവുള്ള ഒരു നല്ല സംഘത്തെ തന്റെ പിന്മുറക്കാരായി വാർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1975-’76ൽ നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച നടത്തിയ ടെലിവിഷൻ പരീക്ഷണത്തിന്റെ തുടക്കം വിക്രം സാരാഭായിയുടെ പരിശ്രമത്തെത്തുടർന്നായിരുന്നു. അത് പൂർത്തിയാകാൻ അദ്ദേഹം കാത്തുനിന്നില്ലെങ്കിലും സൈറ്റ് എന്നപേരിലുള്ള ഈ സംവിധാനം ഉപയോഗിച്ച് ഇന്ത്യയിലെ 2400 പിന്നാക്കഗ്രാമങ്ങളിൽ ആധുനികവിദ്യാഭ്യാസം എത്തിക്കുന്നതിന് പദ്ധതിയുണ്ടായി..പാലക്കാട് സ്വദേശിയും പ്രശസ്ത നർത്തകിയുമായ പരേതയായ മൃണാളിനി സാരാഭായിയാണ് ഭാര്യ. മകൾ മല്ലികാ സാരാഭായിയും പ്രശസ്ത നർത്തകിയാണ്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മൃദുല സാരാഭായി ഇദ്ദേഹത്തിന്റെ സഹോദരിയാണ്.