ജില്ലയിൽ 60 ഫാൻസ് ഷോകൾ
കണ്ണൂർ :- ഏറെക്കാലമായി സിനിമാപ്രേമികളും മോഹൻലാലിന്റെ ആരാധകരും കാത്തിരിക്കുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹ’ത്തിന്റെ ആദ്യ ഷോ ബുധനാഴ്ച അർധരാത്രി തുടങ്ങും. ഫാൻസ് പ്രവർത്തകർക്കായുള്ള ഈ പ്രദർശനം രാത്രി 12.01-നാണ് തുടങ്ങുക. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ 3.30-നും രാവിലെ ഏഴിനുമുള്ള ഷോകളും ഫാൻസുകാർക്ക് വേണ്ടിയാണ്. ജില്ലയിൽ ഇത്തരത്തിൽ അറുപതോളം ഫാൻസ് ഷോകളാണ് സജ്ജമാക്കിയിട്ടുള്ളത്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ, ആലക്കോട്, കൂത്തുപറമ്പ്, ഉളിക്കൽ, മട്ടന്നൂർ, പേരാവൂർ, കണിച്ചാർ തുടങ്ങി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഫാൻസുകാർക്കായി പ്രത്യേക പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫാൻസ് ഷോകൾ കൂടാതെ ഓരോ തിയേറ്ററിലും പത്തോളം റഗുലർ ഷോകളുമുണ്ട്. ഇവയുടെയെല്ലാം ‘ബുക്കിങ്’ കഴിഞ്ഞുവെന്നാണ് തിയേറ്ററുകാർ നൽകുന്ന വിവരം.
‘ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷ’(എ.കെ.എം.എഫ്.കെ.ഡബ്ല്യു.എ.)ന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കണ്ണൂർ സവിത ഫിലിം സിറ്റിയിൽ വ്യാഴാഴ്ച രാവിലെ ശിങ്കാരിമേളം, ഫ്ലാഷ് മോബ് എന്നിവയുണ്ടാകും. ജില്ലയിലെ മറ്റ് റിലീസിങ് കേന്ദ്രങ്ങളിലും വിവിധ പരിപാടികളുണ്ടാവും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാലാണ് അർധരാത്രിയിലെ ആഘോഷങ്ങൾ ഒഴിവാക്കി പരിപാടികൾ രാവിലേക്ക് തീരുമാനിച്ചതെന്ന് ജില്ലാ സെക്രട്ടറി ആരിഫ് മുഹമ്മദ് പറഞ്ഞു. ആശീർവാദ് സിനിമാസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം പ്രിയദർശനാണ്.