അഴീക്കോട്:- സഹപാഠിയുടെ പാതിവഴിയിലായ വീട് നിർമാണം പൂർത്തിയാക്കി വിദ്യാർഥികൾ മാതൃകയായി. പൂതപ്പാറ സൗത്ത് യു.പി. സ്കൂളിലെ അറുന്നൂറോളം വിദ്യാർഥികൾ മുൻകൈയെടുത്താണ് നാലാംതരം വിദ്യാർഥിയായ അമൃതേഷിന്റെ വീട് പൂർത്തിയാക്കിയത്.
ജീവിതപ്രാരബ്ധത്തിനിടയിൽ ബാങ്ക് വായ്പയും മറ്റും വാങ്ങി വീടിന് കുടുംബം തറകെട്ടി. അതിനിടെ കുടുംബത്തെയാകെ തളർത്തി അമൃതേഷിന്റെ അച്ഛൻ രാജേഷ് ബാബുവിന് അർബുദം ബാധിച്ചു.
പല ഉദാരമതികളിൽനിന്നും ചികിത്സയ്ക്കായി പണം സ്വരൂപിച്ചു. വീട് എന്ന സ്വപ്നം ബാക്കിയായി. ഇതറിഞ്ഞ പൂതപ്പാറ സ്കൂൾ വിദ്യാർഥികൾ പ്രഥമാധ്യാപകൻ പി.പി.സാജിമിനെ കാര്യം ധരിപ്പിച്ചു. വീട് പൂർത്തിയാക്കാനായി സ്കൂൾ പി.ടി.എ. കമ്മിറ്റിയും മുൻകൈയെടുത്തു. പൂതപ്പാറയിലെ പൊതുപ്രവർത്തകരുടെ സഹകരണത്തോടെ തുക സ്വരൂപിച്ചു. ഒരുമാസം കൊണ്ടാണ് വീട് നിർമാണം പൂർത്തിയാക്കിയത്.വീടിന്റെ താക്കോൽ പി.ടി.എ. പ്രസിഡന്റ് അബ്ദുൾനിസാർ വായിപ്പറമ്പ് അമൃതേഷിന്റെ അമ്മ സുഷമയ്ക്ക് കൈമാറി. രാഷ്ട്രീയകക്ഷി പ്രവർത്തകർ പങ്കെടുത്തു