കണ്ണൂർ: -പാപ്പിനിശ്ശേരി, താവം മേൽ പാലങ്ങൾ 13ന് തുറക്കും. രാവിലെ പാപ്പിനിശ്ശേരി മേൽപാലത്തിന്റെ നിർമ്മാണ പ്രവൃത്തി കെവി സുമേഷ് എംഎൽഎ സന്ദർശനം നടത്തി പുരോഗതി വിലയിരുത്തി. എഇഇ സി. ശീലയും എംഎൽഎയുടെ കൂടെ ഉണ്ടായിരുന്നു. താവം പാലം തുറക്കുന്ന 13ന് തന്നെ പാപ്പിനിശ്ശേരി പാലവും തുറന്നു കൊടുക്കാൻ സാധിക്കും എന്ന് കെ.എസ്.ടി.പി അസിസ്റ്റന്റ് എഞ്ചനീയർ സി. ശീല അറിയിച്ചതായും കെവി സുമേഷ് എംഎൽഎ പങ്കുവച്ചു. ഡിസംബർ മാസം 20 നാണ് പാപ്പിനിശ്ശേരി മേൽപാലം അറ്റകുറ്റ പണികൾക്കായി അടച്ചത്. കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന സമയത്ത് ഒരു മാസത്തേ പ്രവൃത്തിയാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. പക്ഷേ ഒരാഴ്ച മുന്നേ തന്നെ പാലം തുറക്കാൻ സാധിക്കും തികച്ചും സാങ്കേതിക വർക്കുകളായിരുന്നു പാലത്തിനുണ്ടായിരുന്നത്. ടെക്നിക്കലായിട്ടുള്ള തൊഴിലാളികളെ വെച്ച് പറഞ്ഞ സമയത്തിനു മുൻപുതന്നെ പ്രവൃത്തി പൂർത്തീകരിക്കാൻ മുൻകൈ എടുത്ത കെ.എസ്.ടി.പി എഞ്ചിനീയറിംങ് വിഭാഗത്തേയും കോൺട്രാക്ടറെയുമെല്ലാം പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും എംഎൽഎ കെവി സുമേഷ് കുറിച്ചു. പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭാഗത്തു നിന്ന് വലിയ സഹകരണമാണ് ലഭിച്ചതെന്നും ബുദ്ധിമുട്ടിനിടയിലും പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ജനങ്ങൾ ആകെ സഹകരിച്ചത് നിർമ്മാണം വേഗതയിൽ പൂർത്തീകരിക്കാൻ സഹായകരമായി എന്നാണ് മനസ്സിലാക്കുന്നതെന്നും എംഎൽഎ അറിയിച്ചു.
നേരത്തേ കണ്ടെത്തിയ പാലത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കഴിഞ്ഞ ഏപ്രിൽ മാസം തന്നെ തീരുമാനിച്ചതാണ്. കോവിഡ് കാരണമാണ് പ്രവൃത്തി നീണ്ടുപോയത്.
ഇന്ന് രാവിലെ മേൽ പാലത്തിന്റെ അവസാന ഘട്ട പ്രവൃത്തിയാണ് എംഎൽഎയും സംഘവും എത്തി കണ്ടത്.