തളിപ്പറമ്പ്:'-സുസ്ഥിര വിദ്യാഭ്യാസം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തില്‍ 2022 ഫെബ്രുവരി 25,26,27 തിയ്യതികളില്‍ തളിപ്പറമ്പ് നാടുകാണി കാമ്പസില്‍ നടക്കുന്ന അല്‍മഖര്‍ 33ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി 33 നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭൂമി ധാന പദ്ധതിയുടെ ഉദ്ഘാടനം കേരള തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ നിര്‍വ്വഹിക്കും.വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലയില്‍ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന അല്‍മഖര്‍ ഇതിനോടകം തന്നെ കേരളത്തിനകത്തും അന്യ സംസ്ഥാനങ്ങളിലും നിരവധി നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട സഹായങ്ങള്‍,ജല വിതരണ പദ്ധതികള്‍,സമൂഹ വിവാഹം,സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വിതരണം തുടങ്ങി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ഭൂരഹിതരും നിര്‍ധനരുമായ 33 കുടുംബങ്ങള്‍ക്കുള്ള ഭൂവിതരണ പദ്ധതി ഉദ്ഘാടനത്തില്‍ സാമൂഹ്യ രാഷ്ട്രീയ മത രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.ജനുവരി 17 തിങ്കള്‍ അല്‍മഖര്‍ നാടുകാണി കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ അല്‍മഖര്‍ മുഖ്യ രക്ഷാധികാരി സയ്യിദ് മുഹമ്മദ് അസ്ലം ജിഫ്രി സിലോണ്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി തുടക്കം കുറിക്കും.അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.പി.അബൂബക്കര്‍ മൗലവി പട്ടുവത്തിന്റെ അദ്ധ്യക്ഷതയില്‍ കേരള തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന്, കുറുമാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജീവന് പനക്കാട്,ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാന് പെരുവണ,പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബുരാജ് തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി.അബ്ദുറഹ്മാൻ ബാഖവി പരിയാരം,സമസ്ത കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി പി അബ്ദുൽ ഹകീം സഅദി ചപ്പാരപ്പടവ്,
കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി എം.കെ ഹാമിദ് മാസ്റ്റർ ചൊവ്വ,
എസ്.വൈ.എസ്.ജില്ല പ്രസിഡണ്ട് കെ.എം. അബ്ദുല്ലക്കുട്ടി ബാഖവി കൊട്ടപ്പൊയില്‍,
എസ്.എം.എ.ജില്ലാ പ്രസിഡണ്ട് കെ.അബ്ദുറഷീദ് ദാരിമി നൂഞ്ഞേരി,എസ്.ജെ.എം.ജില്ല പ്രസിഡണ്ട് കെ.പി. കമാലുദ്ദീൻ മൗലവി കൊയ്യം,എസ്.എസ്.എഫ്.ജില്ല പ്രസിഡണ്ട് കെ.മുഹമ്മദ് അനസ് അമാനി തളിപ്പറമ്പ്,
ബില്യണ്‍ ഗ്രൂപ്പ് ചെയര്മാന് എ.പി. ശംസുദ്ദീൻ, വി.വി.മുഹമ്മദ് ലിഫാസ് തുടങ്ങിയവര്‍ സംബന്ധിക്കും.അല്‍മഖര്‍ ജനറല്‍ സെക്രട്ടറി കെ.അബ്ദുറഷീദ് നരിക്കോട് സ്വാഗതവും, സെക്രട്ടറി കെ.പി.അബ്ദുല്‍ ജബ്ബാര്‍ ഹാജി നന്ദിയും പറയും.