കണ്ണൂർ:- കാർഷികമേഖലയിൽനിന്ന് കൂടുതൽ വരുമാനമുണ്ടാക്കാനും പോഷകഗുണമുള്ള പഴങ്ങൾ ഉത്‌പാദിപ്പിക്കുന്നതിനുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൂറ് പാഷൻ ഫ്രൂട്ട് ഗ്രാമങ്ങളൊരുക്കുന്നു. ഏറെ പോഷകസമ്പന്നമായ ഈ പഴങ്ങൾ കൃഷിചെയ്യാനും ഇവ ഉപയോഗിച്ച് മൂല്യവർധിത ഉത്‌പന്നങ്ങൾ നിർമിക്കാനുമുള്ള പരിശീലനവും നൽകും. ജില്ലയിൽ തിരഞ്ഞെടുത്ത അഞ്ച് ബ്ലോക്കുകളിലാണ് നൂറ് ഗ്രൂപ്പുകൾക്ക് പാഷൻ ഫ്രൂട്ട് കൃഷിചെയ്യുന്നതിനുള്ള പരിശീലനം നൽകുക. ഇതിനായി കുടുംശ്രീ അംഗങ്ങളായ കൃഷിക്കാരുടെ ഗ്രൂപ്പുകൾ രൂപവത്കരിക്കും.
മലപ്പട്ടം, കുറ്റ്യാട്ടൂർ, മാങ്ങാട്ടിടം, ചെറുപുഴ, ചിറ്റാരിപ്പറമ്പ്, പാട്യം, പടിയൂർ, തില്ലങ്കേരി, ആറളം, കൊട്ടിയൂർ, പന്ന്യന്നൂർ, മൊകേരി, മുണ്ടേരി എന്നീ പഞ്ചായത്തുകളിലെ കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷിയാരംഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകൾക്ക് ദേശീയ ഭക്ഷ്യ മന്ത്രാലയം, ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ പരിശീലനം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സഹായങ്ങളും ഗ്രൂപ്പുകൾക്ക് ലഭിക്കും.പത്ത് സെന്റ് സ്ഥലത്ത് പാഷൻ ഫ്രൂട്ട് കൃഷിചെയ്യാൻ 10000 രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. കൃഷിച്ചെലവിൽ 60 ശതമാനം സബ്സിഡിയായി അനുവദിക്കും.
ലഭിക്കുന്ന പഴങ്ങളുടെ 10 ശതമാനം മൂല്യവർധിത ഉത്‌പന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കണം. ഇതിനായി നാല് മൂല്യവർധിത യൂനിറ്റുകൾ ആരംഭിക്കും.
അത്യുത്‌പാദന ശേഷിയുള്ളതും ഗുണമേൻമയുള്ളതുമായ തൈകളും വളങ്ങളും കുടുംബശ്രീ സംവിധാനം വഴി ലഭ്യമാക്കും. ഈ കൃഷിക്കൊപ്പം തേനീച്ച വളർത്തലും ആരംഭിക്കാം.