കെ–ഫോണ്‍ ഉടൻ, 1557 പദ്ധതികൾ: വീണ്ടും നൂറു ദിന പരിപാടികളുമായി സർക്കാർ

 


തിരുവനന്തപുരം:-മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് വീണ്ടും 100 ദിന പരിപാടി പ്രഖ്യാപിച്ചു. ഫെബ്രുവരി 10 മുതൽ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായി മേയ് 20 വരെ 100 ദിന പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 1557 പദ്ധതികളാണ് മൂന്നു മാസത്തിനിടെ നടപ്പാക്കാനൊരുങ്ങുന്നത്. സുപ്രധാനമായ മൂന്നു മേഖലകളിൽ സമഗ്രപദ്ധികളാണ് നടപ്പാക്കുക. ഇതിനായി 17,183 കോടി രൂപ വകയിരുത്തിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

വൻതോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന പദ്ധതികൾ വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കും. തൊഴിലവസരങ്ങൾ അധികവും നിർമാണ മേഖലയിലാകും. കെ–ഫോൺ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകൾക്ക് വീതം സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. 30,000 സർക്കാർ ഓഫിസുകളിലും കെ–ഫോൺ പദ്ധതി നടപ്പാക്കും.

15,000 പേർക്ക് പട്ടയം വിതരണം ചെയ്യും. ഭൂമിയുടെ അളവ് കൃത്യമായി രേഖപ്പെടുത്തുന്ന ഡിജിറ്റൽ സർവേയ്ക്ക് തുടക്കം കുറിക്കും. കൃഷി സാർവത്രികമാക്കാൻ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന ബൃഹദ് പദ്ധതി ആരംഭിക്കും. 10,000 ഹെക്ടറിൽ ജൈവകൃഷി നടപ്പാക്കും. പിന്നാക്ക വികസന കോർപ്പറേഷൻ വഴി പ്രവാസികൾക്ക് റിട്ടേൺ വായ്പാ പദ്ധതി നടപ്പാക്കും. 20,000 വീടുകളും മൂന്നു ഭവനസമുച്ചയങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. ഇടുക്കിയിൽ എൻസിസിയുടെ സഹായത്തോടെ നിർമിച്ച് എയർസ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും.


കേരളത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള അനുകൂല സാഹചര്യം യുഎഇ ഭരണാധികാരികളെ ബോധ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ മുതല്‍ മുടക്കാൻ കൂടുതൽ സംരഭകർ താൽപര്യമറിയിച്ചു. കേരളത്തിൽ മുതൽമുടക്കുന്ന നിക്ഷേപകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. നിക്ഷേപ ചർച്ചകൾക്കായി അബുദാബി ചേംബർ അധികൃതർ ഉടൻ കേരളത്തിലെത്തും.

മലമ്പുഴയിൽ മല കയറുന്നതിനിടെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ (42) രക്ഷപ്പെടുത്താൻ രംഗത്തെത്തിയ വിവിധ സേനാ വിഭാഗങ്ങൾക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ബാബുവിന് ആവശ്യമായ തുടർ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗം എത്തിയത് കൂടുതൽ തീവ്രതയോടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, വാക്സിനേഷനിൽ കൈവരിച്ച മുന്നേറ്റം സാഹചര്യം ഗുരുതരമാക്കിയില്ല. രോഗികളുടെ എണ്ണം കുറഞ്ഞാലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Previous Post Next Post