വാനമ്പാടി നിത്യതയിലേക്ക് പറന്നകന്നു


മുംബൈ:
അന്തരിച്ച ഇതിഹാസ ഗായിക ലത മങ്കേഷ്കറുടെ ഭൗതികശരീരം സംസ്കരിച്ചു. മുംബൈ ശിവാജി പാർക്കിൽ വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ലത മങ്കേഷ്കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയവർ സംസ്കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തു.

കോവിഡ് ബാധിതയായി മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8നാണ് ലത മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കോവിഡ് മുക്തയായെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടർന്ന് ഗായികയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.

അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്കറിന് ഇന്ത്യയ്ക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്കർ ആയിരത്തിലധികം ബോളിവുഡ് സിനിമകളിൽ പിന്നണി ഗായികയായി. വിദേശഭാഷകളിലുൾപ്പെടെ മുപ്പത്തിയാറിൽപരം ഭാഷകളിൽ ലതാജി എന്ന് ആരാധകർ ബഹുമാനത്തോടെയും സ്നേഹത്തോടെയും വിളിക്കുന്ന ആ മഹാഗായിക ഗാനങ്ങൾ ആലപിച്ചു. മുപ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ലതയ്ക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം 2001 ൽ നൽകിരാജ്യം ആദരിച്ചു.



Previous Post Next Post