സ്ത്രീകളുടെ ഉന്നമനത്തിനായി പഠനം നടത്തി മലപ്പട്ടം പഞ്ചായത്ത്

 

മലപ്പട്ടം:-സ്ത്രീകളുടെ ഉന്നമനത്തിനായി മലപ്പട്ടം ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്ത്രീപദവി പഠന റിപ്പോർട്ട് തയ്യാറാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പ്രകാശനം ചെയ്തു. ഏത് വികസന പ്രവർത്തനത്തിന്റെയും അടിത്തറ സമൂഹത്തിലെ സ്ത്രീകളാണെന്നും അവരുടെ സാമ്പത്തിക വളർച്ചയാകണം പഞ്ചായത്തുകളുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു.

ഐ സി ഡി എസ് മാർഗനിർദേശ പ്രകാരം തയ്യാറാക്കിയ പ്രത്യേക ചോദ്യാവലി ഉപയോഗിച്ചാണ് പഠന സർവ്വേ നടത്തിയത്. മലപ്പട്ടം പഞ്ചായത്തിലെ 13 വാർഡുകളിലെയും 18നും 45നും ഇടയിൽ  പ്രായമുള്ള സ്ത്രീകളിൽ നിന്നാണ് റിസോഴ്സ് പേഴ്സൺസിന്റെ നേതൃത്വത്തിൽ വിവര ശേഖരണം നടത്തിയത്.

പൊതു ഇടങ്ങൾ സ്ത്രീ സൗഹൃദമാക്കുക, വിവിധ കാരണങ്ങളാൽ വിദ്യാഭ്യാസം പാതി വഴിയിൽ നിലച്ച വനിതകൾക്ക് സാക്ഷരതാ മിഷനുമായി ചേർന്ന് തുടർവിദ്യാഭ്യാസത്തിനുള്ള സഹായങ്ങൾ ലഭ്യമാക്കുക, പ്രീ മാരിറ്റൽ കൗൺസിലിംഗ് , ലൈംഗിക ചൂഷണത്തിനും കുടുംബത്തിലെ ലഹരി ഉപയോഗത്തിനുമെതിരെ ബോധവൽക്കരണം നടത്തുക, സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയംപ്രതിരോധ ക്ലാസുകൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്.

മലപ്പട്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഇ ചന്ദ്രൻ മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷരായ  എം വി അജ്നാസ്,  കെ വി  മിനി, കെ.സജിത, കുടുംബശ്രീ എഡിഎംസി, വി വി അജിത, ഡിപിഎം കെ നൈൽ , ഐ സി ഡി എസ് സൂപ്പർവൈസർ എ നാരായണി, സ്നേഹിത സർവീസ് പ്രൊവൈഡർ ദർശന ദാമോദരൻ, കുടുംബശ്രീ മലപ്പട്ടം സിഡിഎസ് ചെയർപേഴ്സൺ കെ പി സവിത എന്നിവർ പങ്കെടുത്തു.

Previous Post Next Post