മയ്യിൽ:-കാട്ടുപന്നികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്ന വളർച്ചാത്വരകമായ ഹെർബോലീവ്, നെല്ലിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായ സൂക്ഷ്മമൂലകമായ ബോറോൺ എന്നിവ പാടത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്പ്രേ ചെയ്യുന്നു.
കാർഷികമേഖലയിലെ യന്ത്രവത്കരണത്തിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ചുള്ള ജൈവവളപ്രയോഗത്തിനാണ് വഴിയൊരുങ്ങുന്നത്. ഇതിന്റെ ഉദ്ഘാടനവും പ്രദർശനവും 15-ന് മയ്യിൽ പഞ്ചായത്തിലെ നെല്ലിക്കപ്പാലം പാടശേഖരത്തിൽ രാവിലെ പത്തിന് നടക്കും.
ജില്ലയിൽ ആദ്യമായി കൃഷിവകുപ്പ് ഭാരതീയ പ്രകൃതികൃഷി പദ്ധതിപ്രകാരം മയ്യിൽ അരി ഉത്‌പാദക കമ്പനിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഡ്രോൺ ഉപയോഗിച്ച് സസ്യങ്ങളുടെ ഇലകളിൽ നേരിട്ട് വളം തളിക്കുമ്പോൾ കൂടുതൽ ഗുണം ലഭിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള പരീക്ഷണം സംഘടിപ്പിക്കുന്നത്.
കുറ്റി ഒന്നിന് 800 രൂപയാണ് ഡ്രോൺചെലവ്. ഒരേക്കർ തളിക്കാനാകും. കൃഷിച്ചെലവുകൾ കുറയ്ക്കുന്നതിനും ഡ്രോൺ പരീക്ഷണം സഹായകരമാവും.ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് നെൽസൺ ഉദ്ഘാടനം ചെയ്യും.