കണ്ണൂർ :- നൂഞ്ഞേരി ദേശത്തെ കാവുകളിൽ പ്രഥമസ്ഥാനം വഹിക്കുന്ന നൂഞ്ഞേരി മുതുകുടോൻ (മുതുറോൻ) നിലനിൽക്കേ നാട്ടാചാരത്തിന് വിരുദ്ധമായി കൊറ്റാളി കൂറുംബ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ "നൂഞ്ഞേരി മുതുകുടോൻ " (മുതുറോൻ ) എന്ന പദവി രജിത്ത് പണിക്കർ എന്നാൾക്ക് നൽകിയ നടപടിക്കെതിരെ നൂഞ്ഞേരിയിലെ രഞ്ജി മുതുറോൻ കണ്ണൂർ മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത സിവിൽ കേസായ OS 9/22 ൽ എതൃകക്ഷിക്ക് അനുവദിച്ചു കിട്ടിയ പദവി ഉപയോഗിക്കുന്നത് കേസിൻ്റെ വിധി വരുന്നതുവരെ തടഞ്ഞ് കണ്ണൂർ മുൻസിഫ് കോടതി ഇടക്കാല ഉത്തരവിട്ടു.കോടതി കേസ് പരിഗണിച്ച് അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെയാണ് നിലവിൽ സ്ഥാനപേര് ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നത്.
നൂഞ്ഞേരി ദേശത്തിൽ പെട്ട കോലധാരികളെ പട്ടും വളയും നൽകി ആചാര സ്ഥാനം നൽകാൻ അവകാശ പെട്ട കോലസ്വരൂപത്തിലെ ചിറക്കൽ രാജാവ് ,കരുമാരത്തില്ലത്ത് തന്ത്രിമാർ എന്നിവർ ചേർന്ന് നൽകുന്ന നൂഞ്ഞേരി മുതുകുടോൻ (മുതുറോൻ ) സ്ഥാനം കേസിലെ പരാതിക്കാരനായ രഞ്ജി മുതുറോന് അനുവദിച്ചതിനു ശേഷം നാട്ടാചാരത്തിന് വിരുദ്ധമായി കൊറ്റാളി കൂറുംബ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ "നൂഞ്ഞേരി മുതുറോൻ " പദവി രഞ്ജിത്ത് പണിക്കർക്ക് അനുവദിച്ചതിനെതിരെയാണ് പരാതിക്കാൻ കോടതിയെ സമീപിച്ചത്.
ആചാര പെട്ട് ഒരാൾക്ക് മുതുറോൻ സ്ഥാനം ലഭിച്ചാൽ അദ്ദേഹത്തിൻ്റെ ജീവിതകാലത്ത് മറ്റൊരാൾക്ക് ആ സ്ഥാനം നൽകാൻ പാടില്ല എന്നാണ് ആചാരം.
നൂഞ്ഞേരിയിലെ രഞ്ജി മുതുറോൻ പത്തു വർഷത്തിലധികമായി ആചാര പെട്ട് ലഭിച്ച മുതുറോൻ സ്ഥാനം തുടർന്ന് വരുമ്പോൾ മറ്റൊരാൾക്ക് അതേ പദവി നൽകിയത് ദേശാചാര വിരുദ്ധമാണെന്നാണ് പരാതിക്കാരൻ്റെ വാദം.