തളിപ്പറമ്പ് ആര്‍ഡിഒ ഓഫീസ് ഇനി ഇ-ഓഫീസ്

എല്ലാ താലൂക്ക് ഓഫീസുകളും മാര്‍ച്ചോടെ ഇ- ഓഫീസ് സംവിധാനത്തിലേക്ക്


കണ്ണൂർ :-
ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും മാര്‍ച്ച് അവസാനത്തോടെ ഇ ഓഫീസ് സംവിധാനമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. തളിപ്പറമ്പ് റവന്യു ഡിവിഷണല്‍ ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കലക്ടറേറ്റിനു പുറമെ തലശ്ശേരി സബ് കലക്ടര്‍ ഓഫീസും ഇ ഓഫീസ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇ-ഓഫീസ് സംവിധാനത്തിലൂടെ ഫയല്‍ കൈമാറ്റം സുഗമമാക്കാനും  പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും സാധിക്കുമെന്ന് ജില്ലാ കലക്ടര്‍  പറഞ്ഞു. ഇ-ഓഫീസ് സംവിധാനം യാഥാര്‍ഥ്യമാക്കാന്‍ പങ്കുവഹിച്ച ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. ഡിജിറ്റല്‍ ഫയല്‍ സംവിധാനം നടപ്പാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇ-ഓഫീസ് സംവിധാനം ഒരുക്കിയത്. സംസ്ഥാന ഐടി മിഷന്‍, എന്‍ ഐ സി, റവന്യു ഐടി സെല്‍ എന്നീ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയത്. അടുത്ത ഘട്ടത്തില്‍ താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ റവന്യു വകുപ്പിന് കീഴിലുള്ള മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇ-ഓഫീസ് സംവിധാനം നടപ്പാക്കും.

2014 മാര്‍ച്ച് അഞ്ചിനാണ് കേരള സെക്രട്ടറിയേറ്റില്‍ ഇ-ഓഫീസ് ആരംഭിച്ചത്. തപാല്‍ സൃഷ്ടിക്കല്‍, ഫയല്‍ സൃഷ്ടിക്കല്‍, ഫയല്‍ പ്രൊസസ്സിങ്ങ്്, ഫയലില്‍ നിന്ന് ഉത്തരവുകള്‍ നല്‍കല്‍ എന്നിവയില്‍ തുടങ്ങി ഫയല്‍ പ്രൊസസ്സിങ്ങിന്റെ മുഴുവന്‍ ഘട്ടങ്ങളും ഓണ്‍ലൈനായി ചെയ്യാന്‍ പ്രാപ്തമാക്കുന്ന ഒരു വെബ് ആപ്ലിക്കേഷനാണ് ഇ-ഓഫീസ്.  പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ക്കായുള്ള ഫയല്‍ സ്റ്റാറ്റസ്, സെര്‍ച്ച് വ്യൂ സൗകര്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ വെബ്‌സൈറ്റിലൂടെ പൗരന് ലഭിക്കും.

എഡിഎം കെ കെ ദിവാകരന്‍ അധ്യക്ഷത വഹിച്ചു.  തളിപ്പറമ്പ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍  ഇ പി മേഴ്സി,  അസി.കലക്ടര്‍ മുഹമ്മദ് ഷഫീഖ്, ജില്ലാ ഇന്‍്‌ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍,  ഐ ടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം മിഥുന്‍ കൃഷ്ണ , റവന്യൂ ഐ ടി സെല്‍ കോര്‍ഡിനേറ്റര്‍ ഉമ്മര്‍ ഫാറൂഖ്, താലൂക് തഹസില്‍ദാര്‍മാര്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍, ഐ ടി മിഷന്‍ ഹാന്‍ഡ്ഹോള്‍ഡ് സപ്പോര്‍ട് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post Next Post