ക്യാമറ കണ്ണിലൂടെ തളിപ്പറമ്പ് മണ്ഡലം ഇനി സുരക്ഷിതമാവും

 

തളിപ്പറമ്പ്:-ക്യാമറക്കണ്ണിൽ സുരക്ഷിതമാവുകയാണ് തളിപ്പറമ്പ് മണ്ഡലം. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി  80 ഓളം സ്ഥലത്ത് 187 ക്യാമറകളാണ് സുരക്ഷയൊരുക്കുക.  പൊതുജനത്തിനും വിദ്യാർത്ഥികൾക്കും പോലീസ് സംവിധാനത്തിനും ഉപകാരപ്രദമാകുന്ന 'തേർഡ് ഐ'  സിസിടിവി സർവയലൻസ് സംവിധാനം മാർച്ച് 20ന് ഞായറാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.  

മുൻ എംഎൽഎ ജെയിംസ് മാത്യുവിന്റെ കാലത്ത് രൂപകൽപ്പന ചെയ്ത പദ്ധതിയിൽ 1.45 കോടി രൂപ ചെലവിൽ നിർമ്മിച്ച 187 ക്യാമറകളും തളിപ്പറമ്പ് താലൂക്ക് ആശുപത്രി, മയ്യിൽ എഫ് എച്ച് സി എന്നിവിടങ്ങളിൽ ക്യാമറ സംവിധാനത്തോടുകൂടിയ രണ്ട് ആധുനിക തെർമൽ സ്കാനർ യൂണിറ്റുകളുമാണ് ഉൾക്കൊള്ളുന്നത്.

പുഴകളുടെ സംരക്ഷണം, തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണൽ, ജനശ്രദ്ധയില്ലാത്ത മേഖലകളിലെ കുറ്റകൃത്യം തടയൽ, വളരെ പ്രധാനപ്പെട്ട കവലകൾ നിരീക്ഷണത്തിൽ കൊണ്ടുവരൽ തുടങ്ങിയവ 'തേർഡ് ഐ'  സിസിടിവി സർവയലൻസ് സംവിധാനത്തിലൂടെ സാധിക്കും. 

മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളും രണ്ട് മുൻസിപ്പാലിറ്റികളും ഉൾപ്പെടെ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ച് നെറ്റ്‌വർക്ക് ശൃഖലയായാണ് പദ്ധതി നടപ്പാക്കുന്നത്. കേരളാവിഷൻ നെറ്റ്‌വർക്ക് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 24 മീറ്റർ ഉയരമുള്ള 3 ടവർ,18 മീറ്റർ ഉയരമുള്ള 2 ടവർ,10 മീറ്റർ ഉയരമുള്ള 28 ടവർ, 6 മീറ്റർ ഉയരമുള്ള 39 ജി ഐ പോളുകൾ എന്നിവ ഉൾക്കൊള്ളുന്ന വയർലെസ്സ് സംവിധാനവും സംയുക്തമായി ഉപയോഗിച്ചുകൊണ്ട് ആവശ്യമായ സാങ്കേതിക മികവ് ഉൾപ്പെടുത്തി പിഡബ്ല്യുഡി ഇലക്ട്രോണിക്സ് വിഭാഗമാണ് ഇതിന്റെ നിർവ്വഹണം നടത്തിയത്.

വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കാമറ ദൃശ്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് അവരവരുടെ കാര്യാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 75 ഇഞ്ച് മോണിറ്ററിലൂടെ വീക്ഷിക്കുവാനും അവയുടെ റെക്കോർഡിങ് സൂക്ഷിക്കുവാനും കഴിയുന്ന വിധത്തിൽ സ്വയംപര്യാപ്‌തമായ സോളാർ വൈദ്യുതിയും സ്വന്തമായ നെറ്റ്‌വർക്ക് സംവിധാനവും ഉപയോഗിച്ചുകൊണ്ടാണ് പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്.         

ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും അവരുടെ ആവശ്യകത അനുസരിച്ച് വിവിധ പ്രദേശങ്ങളിലേക്ക് ഈ ക്യാമറ ശൃംഖല വ്യാപിപ്പിക്കുവാൻ സാധിക്കും. ക്രമസമാധാനത്തിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും പോലീസ് സംവിധാനത്തിനും ഈ പദ്ധതി ഭാവിയിൽ ഉപയോഗപ്പെടുത്താനാവും.   നഗരങ്ങളിൽ നിരീക്ഷണ ക്യാമറകൾ സാധാരണമാണെങ്കിലും കേന്ദ്രീകൃത സംവിധാനത്തിൽ മണ്ഡലത്തിലെ മുഴുവൻ ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്യാമറ സംവിധാനം സംസ്ഥാനത്ത് തന്നെ ആദ്യമാണ്.

Previous Post Next Post