കണ്ണൂര്‍ കയാക്കത്തോണ്‍ ഏപ്രില്‍ 24ന്

 

         

കണ്ണൂർ:-കണ്ണൂര്‍ ടൂറിസം കലണ്ടറിന്റെ ഭാഗമായി  ജില്ലാ  ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പറശ്ശിനിക്കടവ്  മുതല്‍ അഴീക്കല്‍ പോര്‍ട്ട് വരെ  ഏപ്രില്‍ 24 ന് ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. മൊത്തം 11 കിലോ മീറ്റര്‍ ദൂരമാണ് ഉണ്ടാവുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും.

പരിപാടിയുടെ നടത്തിപ്പിന് കെ വി സുമേഷ് എംഎല്‍എ ചെയര്‍മാനായും ജില്ലാ കലക്ടര്‍  ആര്‍ ചന്ദ്രശേഖര്‍  ജനറല്‍ കണ്‍വീനറായും  സംഘാടക സമിതി രൂപീകരിച്ചു. ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാറാണ് കണ്‍വീനര്‍.  ജനപ്രതിനിധികള്‍, കായകിങ് പ്രൊഫഷണലുകള്‍ എന്നിവര്‍ സംഘാടക സമിതി അംഗങ്ങളാണ്.

'കണ്ണൂര്‍ കയാക്കത്തോണ്‍ 2022 ' എന്ന പേരിട്ടിരിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍  കയാക്കുകളും, ഡബിള്‍ കയാക്കുകളും മത്സരത്തിലുണ്ടാകും. സിംഗിള്‍ കയാക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിഭാഗമായാവും മത്സരം.  ഡബിള്‍ കയാക്കുകളില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ മിക്‌സഡ് കാറ്റഗറിക്കും പ്രത്യേകം മല്‍സരം ഉണ്ടാകും. അന്‍പതിനായിരം രൂപയാകും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് ലഭിക്കുക. വ്യക്തിഗത മത്സര വിജയിക്ക് ഒന്നാം സ്ഥാനത്തിന് 25000 രൂപയും,  രണ്ടാം സ്ഥാനത്തിന് 15000 രൂപയും നല്‍കും.  ചാമ്പ്യന്‍ഷിപ്പിന്  മുന്നോടിയായി കെ വി സുമേഷ് എംഎല്‍എ,  ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ, സബ് കലക്ടര്‍ അനുകുമാരി , ഡിഫ്ഒ  പി  കാര്‍ത്തിക് , അസിസ്റ്റന്റ് കലകട്ര്‍ മുഹമ്മദ് ഷഫീക്ക്, എ  എസ് പി വിജയ് ഭരത് തുടങ്ങിയവര്‍ ചേര്‍ന്ന് കാട്ടാമ്പള്ളി മുതല്‍ പറശ്ശിനിക്കടവ് വരെ കയാകിങ് ട്രയല്‍ റണ്‍ നടത്തിയതിനു ശേഷമാണ് കണ്ണൂര്‍ കയക്കത്തോണിന്റെ  റൂട്ട് നിശ്ചയിച്ചത്. ആന്തുര്‍ മുനിസിപ്പാലിറ്റി, നാറാത്ത്, പാപ്പിനിശ്ശേരി, കൊളച്ചേരി, ചിറക്കല്‍, അഴീക്കോട്, വളപട്ടണം, മാട്ടൂല്‍, പാപ്പിനിശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലൂടെയും കയാക്കത്തോണ്‍ കടന്നു പോകും.

കലക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ കെ വി സുമേഷ് എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post Next Post