കണ്ണൂർ:-പഴുത്ത മാവിലകൊണ്ട് പല്ലുതേച്ചാൽ പുഴുത്ത പല്ലും കളഭം മണക്കും’ എന്ന നാട്ടുചൊല്ല് മുൻപേ പ്രചാരത്തിലുണ്ട്. മാവിലയ്ക്ക് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ആയുർവേദവും പറയുന്നു. ഇപ്പോൾ ദന്തസംരക്ഷണത്തിന് മാവില ഉപയോഗിച്ച് പൽപ്പൊടി ഉത്‌പാദിപ്പിക്കാൻ നീലേശ്വരം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഇന്നൊവെൽനസ് നിക്ക’ രംഗത്തുവന്നതോടെ മാങ്ങയെക്കാൾ വില മാവിലയ്ക്കായി.
ഗുണനിലവാരമുള്ള ഇല കുറ്റ്യാട്ടൂർ മാവിനാണന്ന് കണ്ടെത്തിയതോടെ കമ്പനി പ്രതിനിധികൾ കുറ്റ്യാട്ടൂരിലെത്തി മാവില ശേഖരിച്ചുതുടങ്ങി. കിലോഗ്രാമിന് 150 രൂപ നിരക്കിലാണ് ഇല സംഭരിച്ചത്. ഒരുകിലോ മാങ്ങയ്ക്ക് ഇപ്പോൾ 100 രൂപയിൽ താഴെയാണ് വില. എല്ലാ മാവിലയ്ക്കും ഔഷധഗുണമുണ്ടെങ്കിലും പ്രത്യേക മണവും രുചിയും ഇലയ്ക്ക് കൂടുതൽ കട്ടിയുള്ളതുമാണ് കുറ്റ്യാട്ടൂർ മാവില പ്രത്യേകമായി തിരഞ്ഞെടുക്കാൻ കാരണമെന്ന് സി.എം. അബ്രഹാം പറഞ്ഞു. കുറ്റ്യാട്ടൂരിലെ മാവ് കർഷകർക്ക് ഗുണകരമായ കാര്യമെന്ന നിലയ്ക്ക് ഈ സംരംഭവുമായി സഹകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി പറഞ്ഞു. ഏറ്റവും മികച്ച കുറ്റ്യാട്ടൂർ മാങ്ങ ലഭിക്കുന്ന പോന്താറമ്പിൽ പ്രവർത്തിക്കുന്ന തണൽ കുടുംബശ്രീ പ്രവർത്തകർ ഒരുക്വിന്റലോളം മാവില വിറ്റു.