കൈവരിയില്ലാത്തത് വില്ലനായ കനാൽ പാലത്തിൻ്റെ കൈവരി നിർമ്മാണം പൂർത്തിയായി


കൊളച്ചേരി :-
കൊളച്ചേരി പള്ളിപ്പറമ്പ് മുക്കിൽ കൈവരിയില്ലാത്ത കനാൽ പാലത്തിൽ നിന്നും വീണ് ബൈക്ക് യാത്രികനായ സി.ഒ.ഭാസ്കരൻ മരണപ്പെട്ടതിന് പിന്നാലെ നാഷണൽ ഹൈവേ അതോറിറ്റി (PWD) യുടെ നേതൃത്വത്തിൽ ആരംഭിച്ച കൈവരിയുടെ നിർമ്മാണം പൂർത്തിയായി. കഴിഞ്ഞ മാർച്ച് 8 നാണ് കാവുംചാൽ സ്വദേശിയായ സി.ഒ.ഭാസ്കരൻ കൈവരിയില്ലാത്ത കനാൽ പാലത്തിൽ നിന്നും കനാലിലേക്ക് വീണ് മരണപ്പെട്ടത്.

ആണ്ടല്ലൂർ കാവ് - പറശ്ശിനികടവ് റോഡിൻ്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായായിരുന്നു കനാലിൻ്റെ രണ്ടു വശത്തേക്കും പൂർണ്ണമായി താറിംങ് നടത്തി സുരക്ഷാ കവചങ്ങൾ ഒന്നും തന്നെ സ്ഥാപിക്കാതിരുന്നത്. ഇത് മൂലം  വൻ അപകടം തന്നെ സംഭവിക്കുമെന്ന് ബന്ധപ്പെട്ടവരെ നിരവധി തവണ  അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടാവാത്തതാണ് നാടിനെ തന്നെ നടുക്കിയ ദുരന്തത്തിലേക്ക് വഴിവെച്ചത്.കുദ്രോളി കൺസ്ട്രക്ഷൻ കമ്പിനിക്കായിരുന്നു നിർമ്മാണ ചുമതല.

മരണത്തെ തുടർന്ന്  അധികാരികൾ സ്ഥലം പരിശോധിക്കുകയും നാട്ടുകാർ ഉന്നയിച്ച അപകട സാധ്യത ബോധ്യപ്പെടുകയും ചെയ്തതോടെ കൈവരി നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 

മരണത്തിന് ശേഷം ആഴ്ചകൾക്കകം പൂർത്തിയായ ഈ കൈവരിയുടെ നിർമ്മാണം യഥാസമയത്ത് പൂർത്തിയാക്കിയിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു എന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.

ഇതു പോലെ അപകടം പതിയിരിക്കുന്ന കനാൽ പാലങ്ങളും ഫൂട്ട് പാത്ത് ഇല്ലാത്ത ഓവുചാലുകളും ഈ റോഡിൽ ധാരാളമായുണ്ട്. അവയും സമയബന്ധിതമായി പൂർത്തിയാക്കാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ അപകടം ഇനിയും ആവർത്തിക്കപ്പെട്ടേക്കാം എന്ന ആശങ്കയിലാണ് സമൂഹം.





Previous Post Next Post