നിർമ്മാണം പൂർത്തിയാവും മുൻപേ ഉള്ള അണ്ടല്ലൂർ കാവ് - പറശ്ശിനികടവ് റോഡിൻ്റെ ഉദ്ഘാടനം മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാവുന്നു


കൊളച്ചേരി :-
റോഡിൻ്റെ നവീകരണ പ്രവൃത്തികളിൽ പറഞ്ഞ കാര്യങ്ങൾ  പൂർത്തിയാക്കാതെ നാളെ നടക്കുന്ന അണ്ടല്ലൂർ കാവ് - പറശ്ശിനിക്കടവ് റോഡിൻ്റെ ഉദ്ഘാടനം മാറ്റിവെക്കണം എന്ന് ആവശ്യപ്പെട്ട് കാവുംചാൽ റോഡ് സംരക്ഷണ സമിതി പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വികസന വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനിയർക്ക് നിവേദനം നൽകി. 

കേന്ദ്ര ഗവൺമെൻറിൻ്റെ സെൻട്രൽ റോഡ് ഫണ്ടിൽ (CRF)  ഉൾപ്പെടുത്തി 24 കോടി രൂപയുടെ   നവീകരണ പ്രവൃത്തികളാണ്  അണ്ടല്ലൂർ കാവ് - പറശ്ശിനിക്കടവ് റോഡിൽ (ചിറക്കുനി-പാറപ്രം - പറശ്ശിനിക്കടവ് റോഡിൽ )  നടക്കുന്നത്. 

24 കോടിയുടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി  കോൺക്രീറ്റ് പാർശ ഭിത്തി, ഫുട്പാത്തോടെയുള്ള കോൺക്രീറ്റ് ഡ്രെയിനേജ്, കോൺക്രീറ്റ് ഷോൾഡറിംങ് ,രാത്രിയിൽ തെളിഞ്ഞു കാണുന്ന റോഡ് സ്റ്റഡുകൾ, ക്രാഷ് ബാരിക്കേഡുകൾ, ഡയരക്ഷൻ ബാരിയറുകൾ തുടങ്ങി നിരവധി പ്രവൃത്തികൾ റോഡിൽ ചെയ്തു തീർക്കാനുണ്ട്. ഇവയൊന്നും പൂർത്തിയാക്കാതെ മെക്കാഡം താറിംങ് മാത്രം നടത്തി റോഡിനു നടുവിലായി വര വരയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഈ റോഡിൽ പള്ളിപ്പറമ്പ് മുക്കിലെ കനാൽ പാലത്തിന് കൈവരിയില്ലാത്തത് മൂലം സ്കൂട്ടർ യാത്രികൻ വീണ് മരണപ്പെട്ട സംഭവവും ഉണ്ടായിരുന്നു. അതിനു ശേഷമാണ് അപകടം പിടിച്ച ഈ കനാൽ പാലത്തിൻ്റെ കൈവരിയുടെ നിർമ്മാണം ആരംഭിച്ചത്.

ഈ റോഡിൽ ഇത് പോലെ അപകടം പതിയിരിക്കുന്ന കനാൽ പാലങ്ങൾ നിരവധിയായുണ്ട്. അത് പോലെ തന്നെ ഫുട്പാത്തോടെയുള്ള കോൺക്രീറ്റ് ഡ്രൈനേജ് എന്നത് ഒരിടത്തും നിർമ്മിച്ചിട്ടില്ല. അപകടകരമായ ഡ്രയിനേജ് നിർമ്മാണം വൻ അപകടമാണ് ക്ഷണിച്ചു വരുത്തുന്നത്. യാത്രക്കാർ ബസ്സ് ഇറങ്ങുന്ന ബസ്സ് സ്റ്റോപ്പിൽ പോലും ഡ്രൈനേജിന് ഫുട്പാത്ത് ഇല്ലാത്ത അവസ്ഥയാണ്.

ധർമ്മടം, കണ്ണൂർ ,തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 28. 50 കിലോമീറ്റർ നീളം വരുന്ന റോഡിൻ്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാതെയുള്ള ഉദ്ഘാടനത്തിനെതിരെ വ്യാപകമായ ജന രോഷമാണ്  ഉയരുന്നത്.

നാളെ ചൊവ്വാഴ്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് പെരിയയിൽ വച്ചാണ് ഇതിൻ്റെ ഉദ്ഘാടനം നടത്തുന്നത്.

 റോഡു പണി പൂർത്തിയാവാതെയുള്ള ഉദ്ഘാടനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ബൂസ്റ്റേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കാവുംചാൽ ആവശ്യപ്പെട്ടു.

 അപകടകരമായ ഡ്രയിനേജ് നിർമ്മാണവും കൈവരികളുടെ നിർമ്മാണത്തിലെ അപാകതയും വൻ അപകടമാണ് ക്ഷണിച്ചു വരുത്തുന്നത്.

അതുകൊണ്ട് തികച്ചും പ്രഹസനമായ ഈ ഉൽഘാടനത്തിൽ നിന്നും മുഖ്യമന്ത്രി പിന്മാറണം എന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ വിനോദ് ടി, സുദീപ് എം, ഷജീവ് പി തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post