ബോട്ട് ടെർമിനൽ ഒരുങ്ങിയിട്ട് 17 മാസം കഴിഞ്ഞെങ്കിലും ബോട്ട് സർവ്വീസ് ഇന്നും ഇവിടെ അന്യം


•  പഴയങ്ങാടിയിൽ ഉദ്ഘാടനം ചെയ്ത ബോട്ട് ടെർമിനൽ

പഴയങ്ങാടി: ഉദ്ഘാടനം കഴിഞ്ഞ് 17 മാസം കഴിഞ്ഞിട്ടും പഴയങ്ങാടി ബോട്ട് ടെർമിനൽ അടഞ്ഞുതന്നെ.

2020 ഒക്ടോബർ 22-നാണ് പഴയങ്ങാടി ബോട്ട് ടെർമിനൽ ഉദ്ഘാടനം ചെയ്തത്. ഉത്തര മലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പഴയങ്ങാടിയിൽ ബോട്ട് ടെർമിനൽ സ്ഥാപിച്ചത്.

ബോട്ട് ടെർമിനൽ തുറന്നുകൊടുത്തില്ലെങ്കിലും വൈകുന്നേരങ്ങളിൽ പുഴയുടെയും കണ്ടൽക്കാടിന്റെയും മനോഹര കാഴ്ച കാണാൻ ആളുകൾ എത്താറുണ്ട്.

കോവിഡ് വ്യാപനം കുറഞ്ഞതോടെ പല സംരംഭങ്ങൾക്കും പ്രവർത്തനാനുമതി നൽകിയെങ്കിലും പഴയങ്ങാടി ബോട്ട് ടെർമിനലിനെ അവഗണിക്കുകയാണ്.

സഞ്ചാരികൾക്ക് പുഴയുടെ സൗന്ദര്യം അസ്വദിക്കുന്നതിനും പഴയങ്ങാടി പുഴയിൽ ബോട്ടിങ് നടത്തുന്നതിനും ഈ പദ്ധതിയിലൂടെ സാധ്യമാകും വിധമാണ് ഇതിന്റെ രൂപകല്പന.

മികച്ച സൗകര്യം

100 മീറ്റർ നീളത്തിൽ നിർമിച്ച ബോട്ട് ടെർമിനലിൽ 40 മീറ്റർ നടപ്പാതയും 60 മീറ്ററിൽ നാല് ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

സൗരവിളക്കുകൾ, ഇരിപ്പിടം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കരിങ്കൽ പാകിയ തൂണുകളും കൈവരികളും കേരളത്തനിമയിൽ നിർമിച്ച മേൽക്കൂരയും ഉൾപ്പെടെ ആകർഷകമാണ് ബോട്ട്ടെർമിനൽ. മൂന്നുകോടി രൂപയാണ്‌ പദ്ധതിക്കായി സംസ്ഥാനസർക്കാർ അനുവദിച്ചിരുന്നത്.

സഞ്ചാരികൾക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും പഴയങ്ങാടി പുഴയിൽ ബോട്ടിങ് നടത്തുന്നതിനും ഈ പദ്ധതി വഴി ഉപകാരപ്രദമാകുമെന്ന പ്രതീക്ഷയോടെ മുൻ എം.എൽ.എ. ടി.വി. രാജേഷ് മുൻകൈ എടുത്താണ് ഇതിന്‌ തുടക്കം കുറിച്ചത്.

Previous Post Next Post