ഇനി വിശ്വാസത്തിന്റെ പുണ്യനാളുകൾ


 


കണ്ണൂർ:-ഇതുവരെ ശീലിച്ച ദിനചര്യകൾ ത്യജിച്ച് ശരീരവും മനസ്സും അല്ലാഹുവിൽ അർപ്പിക്കുന്ന റംസാൻ മാസം തുടങ്ങി. ഇനിയുള്ളത് വ്രതാനുഷ്ഠാനത്തിന്റെ നാളുകൾ. നമസ്‌കാരങ്ങളും ഖുർആൻ പാരായണവുമായി രാവുകൾ പ്രാർഥനാനിർഭരമാകും.

റംസാൻ മാസത്തെ വരവേൽക്കാൻ പള്ളികൾ ഒരുങ്ങി. വിശ്വാസികൾ ദിവസങ്ങൾക്ക് മുൻപുതന്നെ വീടുകൾ ശുദ്ധീകരിച്ച് ഒരുക്കം തുടങ്ങിയിരുന്നു. പള്ളികൾ പ്രാർഥനാസമയങ്ങളിൽ നിറഞ്ഞുകവിയും. വീടുകളിൽ ഖുർആൻ മുഴങ്ങും.

പ്രഭാതംമുതൽ അസ്തമയംവരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് എല്ലാം സർവശക്തനിലർപ്പിക്കുന്ന ആരാധനയാണ് നോമ്പ്. രാവിലെ സുബഹ് ബാങ്ക് കൊടുക്കുന്നതോടെയാണ് നോമ്പ് തുടങ്ങുക. അതിനു മുൻപ്‌ വിശ്വാസികൾ ഭക്ഷണം കഴിക്കും.


മഗ്‌രിബ് നമസ്‌കാരത്തിന് ബാങ്ക് മുഴങ്ങുന്നതോടെ ഒരുദിവസത്തെ നോമ്പ് പൂർത്തിയാകും. ഇതോടെ ഭക്ഷണം കഴിച്ച് നോമ്പ് മുറിക്കാം. കാരക്കയോ ഈത്തപ്പഴമോ കഴിച്ചാണ് മുഖ്യമായും നോമ്പ് തുറക്കുക. ഇഫ്താർ വിരുന്നുകളും റംസാൻ മാസത്തിന്റെ പ്രത്യേകതകളാണ്.

പ്രായപൂർത്തിയായവരും ശാരീരിക അവശതകളില്ലാത്തവരും നിർബന്ധമായും നോമ്പ് അനുഷ്ഠിക്കണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. മുലയൂട്ടുന്ന അമ്മാർക്കും രോഗികൾക്കും ഇളവുണ്ട്. ഉള്ളവനും ഇല്ലാത്തനും തമ്മിലുള്ള അന്തരം ഇല്ലാതാവുന്ന മാസം കൂടിയാണിത്. റംസാൻകാലത്ത് ദാനധർമങ്ങൾക്ക് മുൻതൂക്കം നൽകണം.

പ്രാർഥനയുടെ രാപകലുകൾക്കൊടുവിൽ ശവ്വാലിന്റെ പിറവിയറിയിച്ച് മാനത്ത് ചന്ദ്രിക തെളിയുന്നതോടെ റംസാൻ അവസാനിക്കും. പിന്നെ പെരുന്നാൾ ആഘോഷങ്ങളിലേക്ക്.

Previous Post Next Post