കണ്ണൂർ :- പാപ്പിനിശ്ശേരി, വളപട്ടണം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് എളുപ്പത്തിൽ കണ്ണൂരിലേക്കും തിരിച്ചും കടന്നുപോകുന്നതിന് കളരിവാതുക്കൽ റോഡ് വികസിപ്പിക്കും. അതിനായി 79.60 ലക്ഷം രൂപ അനുവദിച്ചു.
ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് ആശ്വാസം പകരാൻ ലക്ഷ്യമിട്ടാണ് റോഡ് വീതികൂട്ടി മെക്കാഡം ടാർചെയ്യുന്നത്. പാപ്പിനിശ്ശേരി-കളരിവാതുക്കൽ-വളപട്ടണം മന്ന കവല-അലവിൽ വഴി കണ്ണൂർ നഗരത്തിൽ എളുപ്പത്തിലെത്താനുള്ള റോഡാണിത്. റോഡിന്റെ വീതിക്കുറവും ശോച്യാവസ്ഥയും നാട്ടുകാർ കെ.വി. സുമേഷ് എം.എൽ.എ.യെ അറിയിച്ചതിനെത്തുടർന്ന് എം.എൽ.എ. പൊതുമരാമത്ത് റോഡ് വിഭാഗത്തോട് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ വിഷയം ശ്രദ്ധയിൽപ്പെടുത്തി അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തുക അനുവദിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ പ്രവൃത്തി തുടങ്ങുമെന്ന് എം.എൽ.എ. പറഞ്ഞു.