വാഹനങ്ങളുടെ ഗ്ലാസിൽ ഫിലിമുകളുടെ ഉപയോഗം അനുവദനീയം; നിശ്ചിത മാനദണ്ഡപ്രകാരം ഉള്ള ‘ഗ്ലെയ്സിങ് പ്ലാസ്റ്റിക്സ്’ ആകാം


കൊച്ചി: -
  സൺ കൺട്രോൾ ഫിലിം എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് ലെയർ അഥവാ സേഫ്റ്റി ഗ്ലേസിംഗ് മെറ്റീരിയലിന്റെ ഉപയോഗത്തിന് നിയമപരമായ അനുമതി. 2021 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമം 2020 ലെ ഏഴാം ഭേദഗതി പ്രകാരമാണ് ഇവയുടെ ഉപയോഗം അനുവദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കാർ ആക്സസറീസ് ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഫെഡറേഷനും ജോർജ് ആന്റ് സൺസും ചേർന്ന് സംസ്ഥാന ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിനും നിവേദനം നൽകി. വാഹന ഉടമകൾക്കും പൊതുജനങ്ങൾക്കും ആശയക്കുഴപ്പമോ അസൗകര്യമോ ഉണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് നിയമ ഭേദഗതിയെ കുറിച്ച് മാർഗനിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം.

ഭേദഗതി പ്രകാരം, അനുവദനീയമായ പരിധിക്കുള്ളിലുള്ള ഗ്ലേസിങ് മെറ്റീരിയലുകളുടെ (ഫിലിമുകളുടെ) ഉപയോഗത്തിന്റെ പേരിൽ വാഹന ഉടമകൾക്ക് എതിരെ ഇനി പിഴ ചുമത്താനാവില്ല. ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ ടെക്‌നിക്കൽ റെഗുലേഷൻ, 2008 മാർച്ചിൽ അംഗീകരിച്ച പ്രമേയം അനുസരിച്ച് മോട്ടോർ വാഹനങ്ങളുടെ വിൻഡോ ഗ്ലാസുകളിൽ ഗ്ലേസിംഗ് മെറ്റീരിയലായി പ്ലാസ്റ്റിക് പാളികളെ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ഈ പ്രമേയത്തിൽ ഇന്ത്യയും പങ്കാളിയായതിനാൽ കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമത്തിലും തതുല്യമായ ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ്. പുതിയ ഭേദഗതി പ്രകാരം വാഹനത്തിന്റെ മുന്നിലും പിന്നിലും 70 ശതമാനം ദൃശ്യതയുള്ള സൺ കൺട്രോൾ ഫിലിം ഉപയോഗിക്കാം. വശങ്ങളിലെ ഗ്ലാസുകളിൽ ഇത് അമ്പത് ശതമാനമാണ് അനുവദനീയമായിട്ടുള്ളത്.

അസഹനീയമായ ചൂടുകാലാവസ്ഥയെ ചെറുക്കാൻ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് എസിയുടെ ഉപഭോഗം വൻതോതിൽ വർധിപ്പിക്കേണ്ടി വരുന്നു. വൻ ഇന്ധന വിലവർധന നേരിടുന്ന ഈ കാലത്ത് ഇതൊരു അധിക ബാധ്യതയാണ്. കൂടാതെ അമിത ഇന്ധന ഉപയോഗം കാർബൺ എമിഷൻ വർദ്ധിപ്പിച്ച് പാരിസ്ഥിതിക പ്രശനങ്ങൾക്കും വഴിതെളിക്കും. അതിനാൽ അടിയന്തിരമായി സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. എല്ലാ മോട്ടോർ വാഹനങ്ങളുടെയും വിൻഡ് സ്‌ക്രീൻ, റിയർ വിൻഡോ എന്നിവയ്ക്ക് ഗ്ലേസിംഗ് നൽകുമ്പോൾ എഴുപത് ശതമാനത്തിൽ കുറയാത്ത ദൃശ്യ സംപ്രേക്ഷണമുണ്ടാകണമെന്ന് ഭേദഗതിയിലെ ചട്ടം 100 ൽ വ്യക്തമാക്കുന്നു. സൈഡ് വിൻഡോകൾക്ക് അമ്പത് ശതമാനവും. 2019 ൽ ഭേദഗതി ചെയ്ത ഐഎസ് 2553 ചട്ടം പ്രകാരം ഉള്ളിൽ പ്ലാസ്റ്റിക് ലേയറുള്ള ടഫൻഡ് ഗ്ലാസോ ലാമിനേറ്റഡ് ഗ്ലാസോ അനുവദനീയമാണ്. അവിഷേക് ഗോയങ്ക വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി വിധിയിലൂടെ ഏർപ്പെടുത്തിയ നിരോധനം സിഎംവി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയുടെ ഫലമായി നിലനിൽക്കില്ല. ബഹുമാനപ്പെട്ട സുപ്രീം കോടതി നിരോധനം ഏർപ്പെടുത്തിയിരുന്ന കാലത്ത്, ഐഎസ് 2553 അല്ലെങ്കിൽ റൂൾ 100 പ്രകാരം ഒരുതരത്തിലുമുള്ള ഫിലിമുകളുടേയും ഉപയോഗം അനുവദനീയമായിരുന്നില്ല.

2553 റിവിഷൻ 1:2019 മാനദണ്ഡങ്ങൾക്ക് അനുസൃതമായ സുരക്ഷാ ഗ്ലേസിംഗ് അഥവാ സൺ കൺട്രോൾ ഫിലിം നിർമ്മിക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയായ ഗാർവാറേ ഹൈ-ടെക് ഫിലിംസ് ലിമിറ്റഡ് ഗ്ലേസിംഗ് മെറ്റീരിയലുകളുടെ കാര്യത്തിൽ സർക്കാർ നിർദേശിച്ച എല്ലാ പരിശോധനകളും നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഹരിയാനയിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്‌നോളജിയിൽ നിന്നും. കാറിന്റെ വിൻഡോകളിൽ ഒട്ടിച്ചിരിക്കുന്ന ഫിലിമിൽ പ്രിന്റ് ചെയ്തിരിക്കുന്ന ക്യുആർ കോഡ് ഏത് സ്മാർട്ട് ഫോണിലൂടെയും സ്‌കാൻ ചെയ്ത് അത് ഐഎസ് 2553-നും സിഎംവിആർ -ന്റെ ചട്ടം 100 ലും നിർദ്ദേശിച്ചിരിക്കുന്ന ദൃശ്യപരതയ്ക്കും അനുസൃതമാണെന്ന് ഉറപ്പാക്കാനാകും. വിപണിയിൽ ലഭ്യമായ വിഎൽടി മീറ്റർ എന്ന ഉപകരണത്തിലൂടെ പരിശോധിച്ചും ഇത് ഉറപ്പ് വരുത്താനാകുന്നതാണ്.

Previous Post Next Post