ദോഹ:-ജീവകാരുണ്യ സേവന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് കഴിഞ്ഞ 8 വർഷമായി ഖത്തറിൽ പ്രവർത്തിക്കുന്ന മൂരിയത്ത് ജമാഅത്ത് മഹല്ല് കൂട്ടായ്മ (എം ജെ എം കെ) വർഷം തോറും നടത്തി വരാറുള്ള ഇഫ്താർ സംഗമം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, പതിവിന് വിത്യസ്തമായി വിശാലമായ മദീന ഖലീഫയിലെ ഫാമിലി പാർക്കിൽ പിഞ്ചു മക്കൾ സന്നൂൻ ജുനൈദ്,
തലാൽ അഹ്മദ് എന്നിവരുടെ ഖുർ ആൻ പാരായണത്തോടെ ആരംഭിച്ചു.ഖത്തറിലെ വിവിധയിടങ്ങളിൽ താമസിക്കുന്ന എം ജെ എം കെ യുടെ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും കുടുംബ സമേതം ഒത്തുചേർന്നപ്പോൾ സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും അനർഘ നിമിഷങ്ങൾ അവിസ്മരണീയമായി.പ്രവാസ ജീവിതത്തിൻ്റെ വേദനിക്കുന്ന ആഴികൾക്കിടയിൽ ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം പരസ്പരം കണ്ടുമുട്ടുവാനും സൗഹൃദങ്ങൾ പങ്കുവെക്കുവാനും കുശലാന്വേഷണങ്ങൾ നടത്തുവാനുമുള്ള കൗതുകവും സന്തോഷവും നിറഞ്ഞ അനുഭൂതിയായി.
അടുത്ത സ്നേഹിതരും ബന്ധുക്കളും ചെറു സംഘങ്ങളായും മൈതാനിയുടെ വിവിധ കോണുകളിലായി വട്ടം കൂടിയും സെൽഫിയെടുത്തും ചെറിയ സമയത്തിനുള്ളിൽ വലിയ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനുള്ള വേദിയായി.എക്സിക്യൂട്ടീവ് അംഗങ്ങളുടെ കുടുംബിനികൾ തയ്യാറാക്കിയ സ്വാദിഷ്ഠവും വിഭവ സമൃദ്ധവുമായ നാടൻ പലഹാരങ്ങൾ ഇഫ്താർ പാർട്ടിക്ക് കൊഴുപ്പേകി.കമ്മറ്റിയുടെ പ്രാരംഭം മുതൽ ഇന്നേ വരെ നിസ്വാർഥവും നിശബ്ദവുമായ സേവന പ്രവർത്തനത്തിലൂടെ ഏവരുടെയും ആദരണിയനായ പ്രസിഡണ്ട് ഇ കെ അയ്യൂബ് ഹാജി സാഹിബിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
നാലു ചുമരുകൾക്കിടയിലെ പ്രവാസത്തിൻ്റെ ആലസ്യത്തിൽ നിന്നും കൂട്ടുകാരോടൊപ്പം മൈതാനിയിൽ ഓടിച്ചാടി കളിച്ചുകൊണ്ടിരുന്ന പിഞ്ചു കുട്ടികൾക്ക് അപ്രതീക്ഷിത സമ്മാനപ്പൊതി ഇരട്ടി മധുരമായി.
ഖത്തറിൻ്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വാഹന സൗകര്യമില്ലാത്ത അംഗങ്ങളെ പരിപാടിയിൽ എത്തിക്കുന്നതിനും തിരിച്ചും സൗജന്യ യാത്രാ സൗകര്യമൊരുക്കിയും, വിഭവസമൃദ്ധമായ സദ്യ ഏർപ്പാട് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും കഠിന പ്രയത്നം ചെയ്ത എക്സിക്യൂട്ടീവ് ഭാരവാഹികളായ ഹാരിസ് കെ, എ പി ലത്തീഫ് , വി കെ ഫർവേശ്, കെ ടി ഹിഷാം, ടി വി മഹബൂബ്, പി പി മുത്തലിബ്, അനീസ്, എൻ പി നൗഷാദ്, ടി വി മഹ്മൂദ്, ജുറൈജ് കൂടാതെ എം കെ ഹനീഫ, കെ മുഹമ്മദ്, അഷ്കർ, ഷഹബാസ് തുടങ്ങിയവർ നേതൃത്വം നൽകി.
സക്കരിയ്യ മാണിയൂരിൻ്റ നേതൃത്വത്തിൽ മഗ് രിബ് നിസ്കാരവും പ്രാർത്ഥനയും നടത്തി.നോമ്പു തുറയുടെ ഇടവേളയിൽ ചേർന്ന മീറ്റിൽ സെക്രട്ടറി ഹാരിസ് നെല്ലിക്കപ്പാലം സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ഇ കെ അയ്യൂബ് ഹാജി, വൈ: പ്രസി. മുജീബ്, ട്രഷറർ ഇ കെ ഉമർ ഫാറൂഖ്, എ പി റാഫി തുടങ്ങിയവർ സംസാരിച്ചു എ പി ലത്തീഫ് നന്ദി പറഞ്ഞു.സംഘാടന മികവ് കൊണ്ടും പങ്കാളിത്ത ബാഹുല്യം കൊണ്ടും ഇഫ്താർ മീറ്റ് ഏറെ പ്രൗഢമായി.