ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനൻറ് ജനറൽ മനോജ് പാണ്ഡെ(59)യെ കേന്ദ്രസർക്കാർ നിയമിച്ചു. കരസേനാ ഉപമേധാവിയായ അദ്ദേഹം മേയ് ഒന്നിന് ചുമതലയേൽക്കും. സേനയുടെ കോർ ഓഫ് എൻജിനിയേഴ്സിൽനിന്ന് സേനാ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ്. 62 വയസ്സുവരെ തുടരാം.
കരസേനാ മേധാവി എം.എം. നരവണെയുടെ കാലാവധി ഏപ്രിൽ 30-ന് പൂർത്തിയാകുന്ന സാഹചര്യത്തിലാണ് നാഗ്പുർ സ്വദേശിയായ പാണ്ഡെയുടെ നിയമനം. നാഷണൽ ഡിഫൻസ് അക്കാദമിയിൽ പഠിച്ച പാണ്ഡെ 1982 ഡിസംബറിലാണ് കോർ ഓഫ് എൻജിനിയേഴ്സിന്റെ ഭാഗമായത്. ബ്രിട്ടനിലെ കാംബേർലി സ്റ്റാഫ് കോളേജിലായിരുന്നു ബിരുദപഠനം. ഐക്യരാഷ്ട്രസഭയുടെ എത്യോപ്യ, എറിത്രിയ ദൗത്യത്തിൽ ചീഫ് എൻജിനിയറായിരുന്നു. അന്തമാൻ നിക്കോബാർ കമാൻഡിന്റെയും കിഴക്കൻ കമാൻഡിന്റെയും കമാൻഡർ ഇൻ ചീഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അച്ഛൻ: ഡോ. സി.ജി. പാണ്ഡെ, അമ്മ: പ്രേമ ഭാര്യ: അർച്ചന സൽപേക്കർ.