നാറാത്ത്:-സ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കി സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനുള്ള ജനകീയ ക്യാമ്പയിനാണു 'തെളിനീരൊഴുകും നവകേരളം'. ജലാശയങ്ങളുടെ ശുചിത്വ അവസ്ഥ പരിശോധിച്ച് മലിനപ്പെട്ട ഇടങ്ങൾ കണ്ടെത്തുകയും ജനകീയ ശുചീകരണ യജ്ഞത്തിലൂടെ ഇവ വൃത്തിയാക്കുകയും മലിനീകരണ ഉറവിടങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി പട്ടിക തയ്യാറാക്കുകയും ഇല്ലാതാക്കുന്നതിന് ശാസ്ത്രീയ ബദൽ സംവിധാനങ്ങൾ ഒരുക്കുകയുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ എല്ലാത്തരം ജല സ്രോതസ്സുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിർത്തുന്നതിനുമായി "തെളിനീരൊഴുകും നവകേരളം" എന്ന പേരി ൽ ഒരു ബൃഹത്ത് ക്യാമ്പയിൻ നവകേരളം കർമ്മപദ്ധതി -2 ന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
പൊതുജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെ, വിവിധ വകുപ്പുകളുടെ സഹകരണത്തിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഏഴാം വാർഡിലെ മുഴുവൻ ജലസോത്രസുകളിലൂടെയും ജല നടത്തം സംഘടിപ്പിക്കുകയും ചെയ്തു. മാലോട്ട്, കൊറ്റാളി വയൽ തോടുകളിലും ജലാശയങ്ങളിലും കുളങ്ങളിലും മറ്റു നീരിച്ചാലുകളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്ലാൻ തയ്യാറാക്കുകയും ചെയ്തു.
വാർഡിൽ നടത്തിയ ജലനടത്തത്തിൽ നല്ല രീതിയിൽ ഉള്ള ജനപങ്കാളിത്തം ഉണ്ടായി. സാക്ഷരത പ്രേരക് വി സി ഗീതയും ജൽ ജീവൻ മിഷൻ പ്രോഗ്രാം കോ ഓർഡിനേറ്റർ വിഷ്ണുപ്രസാദും കൂടെ ഉണ്ടായിരുന്നു.