അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ ‘വ്യാപാരി മിത്ര’യുമായി വ്യാപാരി വ്യവസായി സമിതി

 


കണ്ണൂർ:-അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിത സുരക്ഷയ്‌ക്കായി ‘വ്യാപാരി മിത്ര’ പദ്ധതിയുമായി വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി.

ജില്ലയിലെ വ്യാപാരി പദ്ധതി ഒന്നിന്‌ രാവിലെ 10.30ന്‌ കണ്ണൂർ ചേമ്പർ ഹാളിൽ മുൻ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും.  മരണാനന്തര സഹായം, അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചികിത്സ, തീപിടിത്തമുണ്ടാകുന്ന കടകൾ, പ്രകൃതി ദുരത്തിൽ നാശമുണ്ടാകുന്ന കടകൾ എന്നിവയ്‌ക്ക്‌ സഹായം ലഭിക്കും.

വ്യാപാരി മരിച്ചാൽ കുടുംബങ്ങൾക്ക്‌ മൂന്ന് ലക്ഷം രൂപ സഹായം നൽകും. ഭാവിയിൽ തുക 10 ലക്ഷം വരെയായി വർധിപ്പിക്കും.  അംഗത്വ ഫീസ്‌ 1000 രൂപ. വ്യാപാരി മരിച്ചാൽ ധനസഹായം നൽകാൻ മറ്റു വ്യാപാരികളിൽ നിന്ന്‌ 100 രൂപ വീതം ശേഖരിക്കും. ഭാവിയിൽ ഉത്തര കേരളത്തിലും മംഗളൂരുവിലുമുള്ള പ്രധാന ആശുപത്രികളിൽ ചികിത്സാ ചെലവിൽ ഇളവ്‌, നേത്ര-ദന്തരോഗ ആശുപത്രികളിൽ ചികിത്സാ ഇളവ്‌, അപകട ഇൻഷുറൻസ്‌, വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, പെൺമക്കൾക്കുള്ള വിവാഹ ധനസഹായം തുടങ്ങിവയ്‌ക്കുള്ള പദ്ധതികളും ആവിഷ്‌കരിക്കും.

സമിതി ചാരിറ്റബിൾ ട്രസ്‌റ്റിനാണ്‌ പദ്ധതി നടത്തിപ്പ്‌ ചുമതല. സമിതി അംഗമായ 18 വയസ്സ്‌ പൂർത്തിയായ 65 വയസുവരെയുള്ള ഏതൊരാൾക്കും പദ്ധതിയിൽ ചേരാം. 65 കഴിഞ്ഞവർക്ക്‌ ഈ വർഷം നിബന്ധനകൾക്ക്‌ വിധേയമായി ചേരാം. ഒരു വർഷത്തിന് ശേഷം ചികിത്സാ ഫണ്ട്‌ ലഭിക്കും.

Previous Post Next Post