ജനകീയ മേളയായി 'എന്റെ കേരളം'; മൂന്നര ലക്ഷത്തോളം പേർ സന്ദർശിച്ചു

 


കണ്ണൂർ:-രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ എക്‌സിബിഷൻ ജനകീയ മേളയായി. ഏപ്രിൽ മൂന്നിന് തുടങ്ങിയ മേള മൂന്നര ലക്ഷത്തോളം പേർ സന്ദർശിച്ചു. ശനിയും ഞായറും മണിക്കൂറിൽ ഏഴായിരത്തോളം പേരാണ് സിൽവർലൈൻ കോച്ചിന്റെ മാതൃകയിലുള്ള കമാനം വഴി മേളയിലേക്ക് ഒഴുകിയത്.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ ശേഷം കണ്ണൂർ കണ്ട മെഗാ മേള ജനകീയ പങ്കാളിത്തം കൊണ്ടും ഉൽപ്പന്നങ്ങളുടെ വിറ്റുവരവുകൊണ്ടും വൻ വിജയമാവുകയാണ്. ശനി, ഞായർ ദിവസങ്ങളിലായി മാത്രം രണ്ടു ലക്ഷത്തോളം പേരാണ് മേള കാണാനായി കണ്ണൂർ പൊലീസ് മൈതാനിയിൽ എത്തിയത്.

ഏപ്രിൽ മൂന്നിന് ആരംഭിച്ച മേളയിൽ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകളും ഉൽപ്പന്ന വിപണന സ്റ്റാളുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. 50 തീം സ്റ്റാൾ ഉൾപ്പെടെ 250 സ്റ്റാളുകളാണ് മേളയിലുള്ളത്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ളവർ മേളയിൽ എത്തിച്ചേർന്നു. കുരുന്നുകൾ മുതൽ വയോധികർ വരെ മേളയുടെ ഭാഗമായി. തിരക്ക് നിയന്ത്രിക്കാനായി വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ ദിവസവും വൈകീട്ട് ആറ് മണിക്ക് തുടങ്ങുന്ന കലാസന്ധ്യയിലും മികച്ച പങ്കാളിത്തമാണ്.

മേള ഏപ്രിൽ 14ന് സമാപിക്കും. രാവിലെ 10.30 മുതൽ രാത്രി 10 മണി വരെയാണ് പ്രവേശനം.

Previous Post Next Post