പതിനായിരങ്ങൾ ഒഴുകിയെത്തി; കണ്ണൂർ ചെങ്കടലായി

 



 കണ്ണൂർ:-സിപിഐ എം 23ാം പാർട്ടി കോൺ​ഗ്രസിന്റെ സമാപന പൊതു സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ  ന​ഗരത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. കണ്ണൂർ നഗരത്തിന്‌ ഉൾക്കൊള്ളവുന്നതിനപ്പുറമുള്ള ജനസഞ്ചയത്തെയാണ്‌ കണ്ണൂർ ദർശിച്ചത്‌.  മുദ്രാവാക്യവും വിപ്ലവ ​ഗാനങ്ങളുമായുള്ള പ്രവർത്തകരുടെ ആവേശം നഗരവീഥികളെ  ആവേശക്കടലാക്കി. ഞായറാഴ്ച രാവിലെ മുതൽ ന​ഗരം ജനനിബിഡമായിരുന്നു.

പാർട്ടി പിറന്നമണ്ണിൽ ആദ്യമായി  നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ ചരിത്ര മുഹൂർത്തത്തിന്‌  ഭാ​ഗമാകാൻ സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നും കണ്ണൂരിലേക്ക് ശനിയാഴ്‌ച മുതൽ പ്രവർത്തകരുടെ മഹാപ്രവാഹമായിരുന്നു. കെ വരദരാജൻ നഗറിലെ ചരിത്ര- ചിത്ര– ശിൽപ്പ പ്രദ്രർശനത്തിലും നിരുപംസെൻ നഗറിലെ പുസ്‌തകോത്സവത്തിലും പ്രവേശിക്കാൻ ജനം മണിക്കൂറുകൾ കാത്തുനിൽക്കുന്ന കാഴ്‌ച. ഞായർ രാവിലെ മുതൽ ന​ഗരം പ്രവർത്തകരാൽ നിറഞ്ഞു.  വാഹനങ്ങൾ ന​ഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ മറ്റു ജില്ലകളിൽ നിന്നെത്തിയ പ്രവർത്തകർ വാഹനം പാർക്ക് ചെയ്‌ത സ്ഥലത്തു നിന്നും മുദ്രാവാക്യം വിളികളുമായി ജവ​ഹർ സ്റ്റേഡിയത്തിലെ എ കെ ജി നഗറിലേക്ക്‌  നീങ്ങി.

ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ ഇരുചക്രവാഹനങ്ങളിലെത്തിയ യുവാക്കൾ  ചെങ്കൊടി വാനിലേക്ക് വീശി  അഭിവാദ്യം ചെയ്‌തു. പകൽ ഒന്നോടെ പൊതുസമ്മേളന വേദിയായ എ കെ ജി നഗർ  ജനസാ​ഗരമായി. ആയിരങ്ങൾക്ക്‌  സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാനാവാതെ പുറത്ത് നിൽക്കണ്ടി വന്നു. പാർടി കോൺഗ്രസ്‌ നടന്ന  ബർണശേരി ഇ കെ നായനാർ അക്കാദമിയിൽ  നിന്ന്‌  പൊതുസമ്മേളന  വേദിയായ   ജവഹർ സ്‌റ്റേഡിയത്തിലെ എകെജി നഗറിലേക്ക്‌  ആവേശം ജ്വലിപ്പിച്ച്‌   മുന്നേറിയ റെഡ്‌ വളണ്ടിയർ മാർച്ച്‌ വീക്ഷിക്കാനും അഭിവാദ്യം അർപ്പിക്കാനും  പാതയേരത്ത് തടിച്ച് കൂടിയത് പതിനായിരങ്ങളായിരുന്നു.

റെഡ്‌ വളണ്ടിയർമാർച്ച്‌ വീക്ഷിക്കാനും ‌ തുറന്ന വാഹനത്തിലെത്തിയ നേതാക്കൾക്ക്‌ അഭിവാദ്യമർപ്പിക്കാനും  ആയിരങ്ങളാണ്‌ കത്തുന്ന വെയിലിനെ കൂസാതെ പാതയോരത്ത്‌ കാത്തുനിന്നത്‌.




Previous Post Next Post