മയ്യിൽ :- അവധിക്കാലത്ത് പുസ്തകങ്ങളിലെ രസാനുഭൂതികളിലേക്ക് കുട്ടികളെ ക്ഷണിക്കുകയാണ് വായനാച്ചങ്ങാത്തം. രസികൻ കഥകളും താളമുള്ള പാട്ടുകളും വിജ്ഞാനത്തിൻ്റെ വിശാല ലോകവും കൗതുകങ്ങളും നിറഞ്ഞ വായനാലോകത്തിലേക്കാണ് ക്ഷണം. സർവശിക്ഷാ കേരള നടപ്പാക്കുന്ന വായനാച്ചങ്ങാത്തത്തിൻ്റെ തളിപ്പറമ്പ് സൗത്ത് ഉപജില്ലാതല ഉദ്ഘാടനമാണ് തായംപൊയിൽ എഎൽപി സ്കൂളിൻ്റെ പങ്കാളിത്തത്തോടെ തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ നടന്നത്.
അടച്ചിൽകാലത്ത് വിദ്യാർത്ഥികളിലുണ്ടായ വായനാവിടവ് പരിഹരിക്കാനുള്ള ശ്രമമാണ് വായനാച്ചങ്ങാത്തം. അവധിക്കാലത്ത് കുട്ടികളെ ഗ്രാമീണ വായനശാലകളിൽ എത്തിച്ച് വായനശീലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് പദ്ധതി. ആഴ്ചയിൽ മൂന്നുദിനം കുട്ടികൾക്കായി ലൈബ്രറി വായനാ സൗകര്യം ഒരുക്കും. ആസ്വാദന കുറിപ്പ് തയ്യാറാക്കാൽ, ചങ്ങല വായന, പ്രശ്നോത്തരി, രചനാ മത്സരങ്ങൾ, കയ്യെഴുത്ത് മാസികാനിർമാണം, കുട്ടികളുടെ പുസ്തകം തുടങ്ങി വിപുലമായ പ്രവർത്തനങ്ങളുമുണ്ട്.
മയ്യിൽ പഞ്ചായത്ത് പ്രസിഡൻറ് കെ കെറിഷ് ന ഉദ്ഘാടനം ചെയ്തു. സഫ്ദർ ഹാഷ്മി ലൈബ്രറി സെക്രട്ടറി പി പി സതീഷ് കുമാർ അധ്യക്ഷനായി.ബിആർസി കോർഡിനേറ്റർ സി കെ രേഷ്മ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക കെ വി ഗീത, കെ സജിത. എം വി പ്രശാന്തി എന്നിവർ സംസാരിച്ചു.