കേരളത്തിൽ ആറുവരി ദേശീയപാത 2025ൽ പൂർത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്
മയ്യിൽ :- കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആറ് വരി ദേശീയ പാതയുടെ നിർമാണം മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിൽ 2025ഓടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മയ്യില്‍-കാഞ്ഞിരോട് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വികസനത്തിന് കിഫ്ബി വലിയ കുതിപ്പാണ് നൽകിയത്. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് 412 പി ഡബ്ലു ഡി പ്രവൃത്തികളാണ് നടക്കുന്നത്. ഇതിൽ 35 റോഡും നാല് പാലവും പൂർത്തിയായി. 111 പ്രവൃത്തികൾ പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന പ്രവൃത്തികൾ കാലതാമസം ഇല്ലാതെ പൂർത്തിയാക്കും. ജോലികൾക്ക് സമയപരിധി നിശ്ചയിച്ച് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
തളിപ്പറമ്പ, കണ്ണൂർ നിയോജക മണ്ഡലത്തെ ബന്ധിപ്പിച്ച് മയ്യിൽ, കുറ്റിയാട്ടൂർ, മുണ്ടേരി, കൂടാളി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡ് 24.55 കോടി രൂപ ഉപയോഗിച്ചാണ് നവീകരിച്ചത്.
മയ്യിൽ ടൗണിൽ നിന്നും ആരംഭിച്ച് ചെറുവത്തല മൊട്ട വഴി മായിൻ മുക്കിൽ എത്തുന്ന റോഡിന് 9.7 കിലോ മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുണ്ട്.
അവിശ്യമായ ഇടങ്ങളിൽ ഡ്രൈനേജ്, കലുങ്കുകൾ, സംരക്ഷണ ഭിത്തി എന്നിവയും ഒരുക്കിയിട്ടുണ്ട്.
പയ്യന്നൂർ, തളിപ്പറമ്പ ഭാഗത്തുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരാനുള്ള എളുപ്പ വഴികളിൽ ഒന്നാണിത്.
കട്ടോളിയിൽ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ ആര്‍ എഫ് ബി പി എം യു എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എം ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ വിശിഷ്ടാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി റെജി( കുറ്റിയാട്ടൂര്‍), കെ കെ റിഷ്‌ന(മയ്യില്‍), പി കെ ഷൈമ(കൂടാളി), ജില്ലാ പഞ്ചായത്ത് അംഗം എന്‍ വി ശ്രീജിനി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ മുനീര്‍, കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ പി ചന്ദ്രന്‍, കെ ആര്‍ എഫ് ബി പി എം യു ടീം ലീഡർ എസ് സജീവ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ പി സജിത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.