ആലപ്പുഴ:- ഗാനമേളകളെ ജനകീയമാക്കിയ ഗായകൻ ഇടവ ബഷീർ (78) ആലപ്പുഴയിൽ ഗാനമേളവേദിയിൽ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ ഭീമാസ് ബ്ളൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ഗാനമേള സ്റ്റേജിലാണ് കുഴഞ്ഞുവീണത്.പാതിരപ്പള്ളി കാംലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന മെഗാസ്റ്റാർ മ്യൂസിക് നൈറ്റിനിടെ ശനിയാഴ്ച രാത്രി 9.30-നായിരുന്നു സംഭവം.
ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ ആദ്യകാല ഗായകനായിരുന്നു സുവർണജൂബിലി ആഘോഷവേദിയിൽ പ്രത്യേകം ക്ഷണിതാവായി പങ്കെടുത്തതാണ്. ബഷീറിന്റെ മരണത്തെത്തുടർന്ന് ആഘോഷപരിപാടികൾ നിർത്തിവെച്ചു. യേശുദാസ് ആലപിച്ച ‘മാനാ ഹോ തും’ എന്ന ഹിന്ദിഗാനം പാടിത്തീർന്ന ഉടനെയാണ് കുഴഞ്ഞുവീണത്.
വർക്കലയ്ക്കടുത്ത് ഇടവ എന്ന കായൽത്തീരത്തുള്ള ഗ്രാമത്തിലാണ് ബഷീർ ജനിച്ചത്.തിരുവനന്തപുരം മ്യൂസിക് കോളേജിൽനിന്ന് ഗാനഭൂഷണം പൂർത്തിയാക്കിയശേഷം ആദ്യം വർക്കലയിൽ ‘സംഗീതാലയ’ എന്ന ഒരു ഗാനമേള ട്രൂപ്പ് ആരംഭിച്ചു. യേശുദാസായിരുന്നു ഉദ്ഘാടകൻ.ഇടവ ബഷീറിനെ മാപ്പിളപ്പാട്ടു ഗായകൻ എന്ന നിലയിലാണ് മലബാറിൽ അറിയപ്പെടുന്നത്. എന്നാൽ, ഇദ്ദേഹം ഏറ്റവും കൂടുതൽ പാടിയത് ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചുള്ള ഗാനമേളകളിലാണ്.
ഗുരുവായൂർ, ശബരിമല, ആറ്റുകാൽ, ഏറ്റുമാനൂർ, മൂകാംബിക എന്നീ ക്ഷേത്രാങ്കണങ്ങളിലും ബഷീർ പാടി.പരേതരായ അബ്ദുൾ അസീസ്-ഫാത്തിമക്കുഞ്ഞ് ദമ്പതിയുടെ മകനാണ്. ഭാര്യമാർ: ലൈല, റഷീദ. മക്കൾ: ബീമ, ഉല്ലാസ്, ഉഷസ്, സ്വീറ്റ, ഉന്മേഷ്. ഇവരിൽ രണ്ട് ആൺമക്കളും പാട്ടുകാരാണ്. വർഷങ്ങളായി കൊല്ലം കടപ്പാക്കടയിലാണ് താമസം.