കേളകം: -കേളകം കമ്പിപ്പാലത്തിനു സമീപം ബാവലിപ്പുഴക്കരയിൽ ഇരട്ട സഹോദരനെ യുവാവ് കൊലപ്പെടുത്തി. വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഭിനേഷി(31)നെയാണ് ഇരട്ട സഹോദരൻ അഖിലേഷ്(31) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം അഖിലേഷ് കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിങ്കളാഴ്ച 3.30-ഓടെയാണ് സംഭവം.
കേളകം ടൗണിൽനിന്ന് യുവതിയുടെ ഫോട്ടോയെടുത്തതിനെത്തുടർന്ന് ഇരുവരെയും കേളകം പോലീസ് തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലേക്ക് വരുത്തിയിരുന്നു. യുവതിക്ക് പരാതിയില്ലാത്തതിനാൽ വിട്ടയച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കുന്നു. മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികൾ അഭിനേഷിനെതിരെ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കേളകം പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. അച്ഛൻ: രവീന്ദ്രൻ, അമ്മ: സുലേഖ. അഭിനേഷിന്റെ ഭാര്യ: സിനി. മകൾ: ദിയ.